മാഹിയിൽ ഇന്നു വോട്ടെടുപ്പ് ; ബൂത്തുകളുടെ നിയന്ത്രണം വനിതകൾക്ക്
Friday, April 19, 2024 1:10 AM IST
മാഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്നു നടക്കുന്പോൾ കേരളത്തിനു നടുവിലായി കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയും പോളിംഗ് ബൂത്തിലേക്ക്.
മാഹിയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും നിയന്ത്രിക്കുന്നത് വനിതാ ജീവനക്കാരാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
മാഹി, പള്ളൂർ, പന്തക്കൽ മേഖലകളിലായി 31,038 വോട്ടർമാർക്കായി 31 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ബൂത്തുകളിൽ സുരക്ഷയ്ക്കായും വനിതാ പോലീസിനെയാണ് വിന്യസിക്കുന്നത്.
മാഹിയിൽ വനിതാ പോലീസിന്റെ എണ്ണം കുറവായതിനാൽ കേരളത്തിൽനിന്നുള്ള വനിതാ പോലീസിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ എൻഎസ്എസ് വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ മാഹി ഗവ. ഹൗസിൽ നടന്നു. അസി. റിട്ടേണിംഗ് ഓഫീസർ ഡി. മോഹൻകുമാറിൽനിന്ന് സാമഗ്രികൾ ഏറ്റുവാങ്ങിയ ജീവനക്കാർ ഇന്നലെ വൈകുന്നേരത്തോടെ ബൂത്തുകളിലെത്തി ഇന്നത്തേക്കാവശ്യമായ സജ്ജീകരങ്ങൾ ഒരുക്കി.
പുതുച്ചേരി, മാഹി, യാനം, കാരക്കൽ പ്രദേശങ്ങളുൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ലോക്സഭയിലേക്ക് ഒരു മണ്ഡലം മാത്രമാണുള്ളത്. ആകെ 26 സ്ഥാനാർഥികളുണ്ടെങ്കിലും ഇന്ത്യ മുന്നണിയിലെ വി. വൈദ്യലിംഗവും എൻഡിഎയിലെ എ. നമശിവായവും തമ്മിലാണ് പ്രധാന മത്സരം.
പുതുച്ചേരിയിൽ സിപിഎം ഇന്ത്യാ മുന്നണിയിലാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ മാഹിയിൽ മാത്രം സിപിഎം റിപ്പബ്ലിക്കൻ പാർട്ടിക്കാണ് പിന്തുണ നൽകുന്നത്. അതേ സമയം സിപിഐ ഇന്ത്യാ മുന്നണിക്കൊപ്പവുമാണ്.