പാതാളം ബണ്ട് തുറക്കാന്‍ പ്രോട്ടോക്കോള്‍ കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സാഹചര്യത്തില്‍ പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. പ്രോട്ടോക്കോൾ തയാറാക്കാൻ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജലസേചന വകുപ്പ്, ഏലൂര്‍ നഗരസഭ എന്നിവയുടെ പ്രതിനിധികൾ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാനും മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാകും ഇനി ഏലൂരിലെ വ്യവസായ മേഖല ഉള്‍പ്പെടുന്ന പ്രദേശം.
ഈ മേഖലയില്‍ ഇടയ്ക്കിടെ ദുര്‍ഗന്ധം അനുഭവപ്പെടുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ജൂലൈ 31നകം എല്ലാ കമ്പനികളിലും ബയോ ഫില്‍റ്റര്‍ സ്ഥാപിക്കണം. പെരിയാര്‍ സംരക്ഷിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കും. തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഇതു നടപ്പാക്കുക. പാതാളത്ത് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണ പാതയോടുകൂടിയ ഡയഫ്രം വാള് സ്ഥാപിക്കും. ഇതിനായി ഒരു മാസത്തിനകം റവന്യു വകുപ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പ് ഡിപിആര്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍ കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍. പതാളത്തെ ഷട്ടറുകള്‍ തുറക്കുന്നതിനുമുന്‍പ് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രതികരണത്തിനു പിന്നാലെ വ്യവസായ വകുപ്പിനെക്കൂടി പഴിചാരി ജലസേചന വകുപ്പും ഇന്നലെ രംഗത്തെത്തി.
വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജാഗ്രതക്കുറവാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇന്നലെ ജലസേചന വകുപ്പ് പറഞ്ഞത്. മത്സ്യക്കുരുതിയുടെ കാരണത്തെക്കുറിച്ച് കളക്ടര്‍ നിയോഗിച്ച സമിതിക്കു പുറമേ ഫിഷറീസ് യൂണിവേഴ്സിറ്റിയും പരിശോധന നടത്തുന്നുണ്ട്.