അവയവക്കടത്ത്: തുടരന്വേഷണം ഏറ്റെടുക്കാൻ മടിച്ച് കേന്ദ്ര ഏജൻസികൾ
Thursday, May 30, 2024 12:48 AM IST
നെടുമ്പാശേരി: അവയവക്കടത്തുമായി ബസപ്പെട്ട കേസിലെ തുടരന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാൻ മടിക്കുന്നത് സംസ്ഥാന പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്നു.
എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണസംഘം ശക്തമായ അന്വേഷണമാണ് കേസിൽ നടത്തിവരുന്നത്. എന്നാൽ രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ സംസ്ഥാന പോലീസിന് പരിമിതിയുണ്ട്.
അവയവക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ സബിത്ത് നാസർ, സജിത്ത് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എന്നാൽ തുടരന്വേഷണത്തിൽ അവയവക്കടത്തിന് ഇരയായവരിൽ ഒരാളെപ്പോലും കണ്ടെത്താൻ ഇതുവരെ കഴിയാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കുന്നു.
അവയവദാനം നടത്തിയ പലരും ഇപ്പോഴും ഇറാനിൽത്തന്നെ തങ്ങുന്നുണ്ടെന്നും ചിലർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ പൂർണമായി വ്യക്തത വരുത്താനും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
കേസിന്റെ തുടരന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുക്കുമെന്നാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ യാതൊരു നീക്കവും നടക്കുന്നില്ല.
ഇപ്പോഴത്തെ നിലയിൽ കേസ് കോടതിയിലെത്തിയാൽ പ്രതികൾക്കു രക്ഷപ്പെടാനുള്ള വഴിയൊരുങ്ങാനാണു സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതുവിധേനയും അവയവ കച്ചവടത്തിന് ഇരയായവരെ കണ്ടെത്തി കേസ് കൂടുതൽ ശക്തമാക്കാനാണ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം.