തൃശൂർ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റി
Tuesday, June 11, 2024 2:18 AM IST
തൃശൂര്‍: സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റി. ആര്. ഇളങ്കോ ആണ് പുതിയ കമ്മീഷണർ. അങ്കിത് അശോകനു പുതിയ നിയമനം നല്‍കിയിട്ടില്ല. തൃശൂര്‍ പൂരം അലങ്കോലമാക്കിയ കമ്മീഷണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു. വൻ ജനകീയ പ്രതിഷേധവും നേരിടേണ്ടിവന്നു.
സംഭവത്തിൽ ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഡിജിപിയോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പു സമയമായതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശംകൂടി സ്വീകരിച്ചശേഷമാണ് ഉത്തരവിറക്കിയത്. തുടർന്ന് അന്വേഷണം നടത്തി പൂരത്തിന് ഒന്നരമാസത്തിനുശേഷമാണു സ്ഥലംമാറ്റ നടപടി.
പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ, തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി, ചില പൗരപ്രമുഖർ എന്നിവരെയും തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി ഡിജിപി മൊഴിയെടുത്തിരുന്നു. പരാതികൾക്കടിസ്ഥാനമായ ഡിജിറ്റൽ രേഖകളും ആവശ്യപ്പെട്ടിരുന്നു.
2022 നവംബർ 19നാണ് അങ്കിത് അശോകനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. 2023ൽ പൂരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു സംബന്ധിച്ചും ഇയാൾക്കെതിരേ ആരോപണമുയർന്നിരുന്നു.
തമിഴ്നാട്ടിലെ ഡിണ്ടിഗൽ സ്വദേശിയാണു പുതിയ സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായ ആർ. ഇളങ്കോ. കണ്ണൂർ സിറ്റിയുടെ ആദ്യത്തെ പോലീസ് കമ്മീഷണറായിരുന്നു.