കൈ കൂപ്പി തോമസ് മാഷ്; യാത്രയയപ്പ് വികാരനിർഭരം
Sunday, July 14, 2024 12:51 AM IST
തൊടുപുഴ: ആറുപതിറ്റാണ്ടോളം സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ കായികതാരങ്ങളെ കൈപിടിച്ചുയർത്തിയ ദ്രോണാചാര്യ തോമസ് മാഷ് പരിശീലനക്കളത്തോട് വിടപറഞ്ഞു.
ഒളിന്പ്യൻ ഷൈനി വിൽസണ്, അഞ്ജു ബോബി ജോർജ്, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, സി.എസ്.മുരളി, ജോസഫ് ഏബ്രഹാം, സാന്ദ്രമോൾ സാബു തുടങ്ങിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ ഇദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്.
കായികമേഖലയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം പ്രായാധിക്യത്തിലും പൂഞ്ഞാറിൽ സ്വന്തംപേരിൽ അക്കാദമി സ്ഥാപിച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നതിൽ കർമോത്സുകനായിരുന്നു ഇദ്ദേഹം. എന്നാൽ വേൾഡ് മലയാളി കൗണ്സിൽ നൽകി വന്ന സഹായം നിലച്ചതോടെ സ്വന്തം പോക്കറ്റിൽനിന്നു ലക്ഷങ്ങൾ ചെലവഴിച്ചാണ് തോമസ് മാഷ് ഈ അക്കാദമിയിലൂടെ അനേകം പ്രതിഭകളെ വാർത്തെടുത്തത്.
തൊടുപുഴ യൂണിറ്റി സോക്കർ സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങ് വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. യോഗത്തിൽ യൂണിറ്റി സോക്കർ സ്കൂൾ ഡയറക്ടർ പി.എ.സലിംകുട്ടി അധ്യക്ഷത വഹിച്ചു. സ്പോർട്സ് മുൻ ലേഖകൻമാരായ സനിൽ പി.തോമസ്, രവീന്ദ്രദാസ്, ഷാജി ജേക്കബ്, പ്രസ്ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
കായികരംഗത്ത് കേരളം ഒന്നാമതെത്തണമെന്നാണ് തന്റെ തീരാമോഹം. ഒളിന്പിക് മെഡൽ നേട്ടത്തിന് കായികതാരങ്ങളെ ചെറുപ്പംമുതൽ കണ്ടെത്തി ചിട്ടയായ പരിശീലനം നൽകണം. എന്നാൽ കാൽചുവട്ടിൽനിന്നു മണ്ണൊലിച്ചുപോകുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും തോമസ് മാഷ് പറഞ്ഞു.
ചടങ്ങിൽ ഇദ്ദേഹത്തെ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു.
മക്കളായ രാജാസ് തോമസ്, രജനി എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.