വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞ്: വി.ഡി. സതീശൻ
Sunday, July 14, 2024 2:10 AM IST
തൃശൂർ: വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുഞ്ഞെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഞങ്ങൾ കഷ്ടപ്പെട്ടു കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി. ഇതു കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്തത് ഉമ്മൻചാണ്ടിയാണെന്നും സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
ട്രയൽ റണ്‍ വേളയിൽ ഉമ്മൻചാണ്ടിയെ അനുസ്മരിക്കാത്തതിനെയും സതീശൻ വിമർശിച്ചു. പിണറായിയെ എട്ടുകാലിമമ്മൂഞ്ഞെന്നു താൻ വിളിക്കുന്നില്ലെന്നും എന്നാൽ അതിനടുത്തുനിൽക്കുന്ന പരിപാടിയാണ് പിണറായി ചെയ്തതെന്നും സതീശൻ പരിഹസിച്ചു.
പ്രസംഗത്തിൽ പദ്ധതിയുടെ നാൾവഴികൾ മുഴുവൻ പറഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതിൽ മുഖ്യമന്ത്രി സ്വയം ചെറുതായിപ്പോയി . വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതു സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കരുണാകരന്റെ കാലത്തു ഡിസൈൻ ചെയ്ത പദ്ധതിയാണിത്. അതു യാഥാർഥ്യത്തിലേക്ക് എത്തിക്കാൻവേണ്ടി നിശ്ചയദാർഢ്യത്തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്.
അന്ന് ഇതു റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും 6000 കോടിയുടെ അഴിമതിയാണെന്നും കടല്‍ക്കൊള്ളയാണെന്നും പറഞ്ഞ ആളാണ് പിണറായി വിജയന്. മത്സ്യബന്ധനമാകെ തകരാറിലാകുമെന്നും പൂവാര്‍ മുതല്‍ നീണ്ടകരവരെ കടലില്‍ ഇറങ്ങാന്‍ പറ്റില്ലെന്നുംപറഞ്ഞ് മത്സ്യത്തൊഴിലാളികളെ ഇളക്കിവിടാനാണ് അന്ന് അവർ ശ്രമിച്ചത്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ കേരളം അഭിമാനിക്കണം. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചില്ലെന്നതിന്റെ പേരില്‍ പരിപാടി പൂര്‍ണമായും ബഹിഷ്കരിക്കുന്നത് യുഡിഎഫിന്റെ രീതിയല്ല. കരിദിനം ആചരിച്ചില്ല.
ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേത്. എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ ഇഷ്ടം. ആളുകൾ അതിനെ വിലയിരുത്തും. വികസനത്തിന്റെ ഇരകളായവരെ ചേർത്തുപിടിക്കാനായുള്ള പദ്ധതികൾ സർക്കാർ ഉണ്ടാക്കണമെന്നു സതീശൻ ആവശ്യപ്പെട്ടു.