ഇടുക്കിയില്‍ മൂന്നു ദിവസത്തിനിടെ 6.03 അടി വെള്ളം ഉയര്‍ന്നു
Thursday, July 18, 2024 3:25 AM IST
തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടുതല്‍ ശക്തമായി. മൂന്നു ദിവസത്തിനിടെ 6.03 അടിവെള്ളം ഉയര്‍ന്നു.
കാലവര്‍ഷം ആരംഭിച്ചതിനുശേഷമുള്ള കൂടിയ വര്‍ധനയാണിത്. ഇന്നലെ രാവിലെ ഏഴിലെ കണക്കനുസരിച്ച് 2348.05 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 45 ശതമാനമാണിത്. 14ന് 2342.02 അടിയായിരുന്നു ജലനിരപ്പ്.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി ജലനിരപ്പ് 44 ശതമാനമാണ്. അതേസമയം സംസ്ഥാനത്ത് മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗവും ഗണ്യമായി കുറഞ്ഞു. 68.794 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ ഉപഭോഗം. ഇതില്‍ 25.517 ദശലക്ഷം യൂണിറ്റ് ഇവിടെ ഉത്പാദിപ്പിച്ചപ്പോള് 43.277 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കിയില്‍ ഉത്പാദനം ഗണ്യമായി കുറച്ചു.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് 5.336 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.