കാട്ടാനയുടെ ആക്രമണം; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു
Thursday, July 18, 2024 3:25 AM IST
സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കല്ലുർ മാറോട് കോളനിയിലെ രാജുവിന്റെ മൃതദേഹവുമായി കോരിച്ചെരിയുന്ന മഴയത്ത് നാട്ടുകാർ ദേശീയപാത 766ൽ കല്ലൂരിൽ റോഡ് ഉപരോധിച്ചു.
മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും രാജുവിന്റെ കുടുംബക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് രണ്ടേമുക്കാൽ മണിക്കൂർ നേരത്തെ ഉപരോധത്തിനുശേഷം സമരം അവസാനിപ്പിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
ഇന്നലെ രാവിലെ ഒന്പതരയോടെയാണ് രാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കോഴിക്കോട്ടുനിന്ന് കല്ലൂരിലെത്തിച്ചത്. മാറോടുള്ള വസതിയിലേക്കു മൃതദേഹം കൊണ്ടുപോകാതെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കല്ലൂർ ടൗണിൽ മൃതദേഹം വഹിച്ച ആംബുലൻസ് നിർത്തിയിട്ട് റോഡ് ഉപരോധിക്കുകയായിരുന്നു.
നഷ്ടപരിഹാരമായി അന്പത് ലക്ഷം രൂപ അനുവദിക്കുക, കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ദേശീയപാത ഉപരോധിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കില്ലെന്നു ബന്ധുക്കൾ വ്യക്തമാക്കി.
തുടർന്ന് മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീൽ ചേർന്ന സർവകക്ഷിയോഗത്തിൽ ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണു സമരം അവസാനിപ്പിച്ചത്.
അരമണിക്കൂറോളം അവിടെത്തന്നെ പൊതുദർശനത്തിനുവച്ചശേഷമാണ് മൃതദേഹം 12.20 തോടെ മാറോടുള്ള തറവാട്ടിലേക്ക് കൊണ്ടുപോയത്.