മുരളീധരനെതിരേ കെപിസിസി ക്യാന്പിൽ വിമർശനമുണ്ടായിട്ടില്ല: ടി.എൻ. പ്രതാപൻ
Friday, July 19, 2024 1:41 AM IST
തൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാന്പ് എക്സിക്യൂട്ടീവിൽ കെ. മുരളീധരനെതിരേ രൂക്ഷവിമർശനമുണ്ടായിട്ടില്ലെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
ക്യാന്പ് എക്സിക്യൂട്ടീവിന്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരേ ഒരു പ്രതിനിധിയും വിമർശനം നടത്തിയിട്ടില്ല. ക്യാന്പ് പ്രതിനിധികൾ അല്ലാത്ത പാർട്ടിശത്രുക്കൾ മനഃപൂർവം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപൻ പ്രസ്താവനയിൽ അറിയിച്ചു.
അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ജമാക്കുകയാണ് കെപിസിസിയുടെ ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോവുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശപ്പെടുത്താൻ പാർട്ടിശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തുമെന്നും പ്രതാപൻ മുന്നറിയിപ്പു നൽകി.