പ്ലാന്റേഷൻ കോർപറേഷന്റെ നടപടി : വനഭൂമിയിലുള്ള റോഡുകളിൽ പൊതുജനങ്ങൾക്കു വിലക്ക്
Friday, September 20, 2024 1:06 AM IST
ചാലക്കുടി: പ്ലാന്റേഷൻ കോർപറേഷന്റെ അധീനതയിൽ വനഭൂമിയിലൂടെയുള്ള റോഡിലൂടെ അനധികൃതമായി പൊതുജനങ്ങൾ പ്രവേശിക്കുകയോ പ്ലാന്റേഷൻ ജീവനക്കാർ നേരിട്ടു പൊതുജനങ്ങളെ കടത്തിക്കൊണ്ടുവരികയോ ചെയ്താൽ അവർക്കെതിരേ വന്യജീവിസംരക്ഷണനിയമം, കേരള വനനിയമം എന്നിവ അനുസരിച്ച് കേസെടുക്കാൻ തീരുമാനിച്ചു.
പ്ലാന്റേഷൻ ചെക്ക് പോസ്റ്റുകളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്കു സമയം രേഖപ്പെടുത്തിയ സ്ലിപ്പ് നൽകും. അതുവഴി അനധികൃതമായി റോഡുവക്കിൽ സ്റ്റേ ചെയ്ത് അപകടം വിളിച്ചുവരുത്താതിരിക്കുകയാണ് ലക്ഷ്യം.
അപകടസാധ്യത കണക്കിലെടുത്ത് വൈകുന്നേരം അഞ്ചിനുശേഷം സ്വകാര്യവാഹനങ്ങളുടെ പ്രവേശനം നിരോധിക്കും. പ്ലാന്റേഷൻ ജീവനക്കാരുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിനു പ്രത്യേക സ്റ്റിക്കർ പതിപ്പിക്കും.
പ്ലാന്റേഷൻ ചെക്ക്പോസ്റ്റുകളിലെ സെക്യൂരിറ്റി കാമറകൾ പ്രവർത്തനക്ഷമമാക്കാനും വന്യജീവി ആക്രമണം ലഘൂകരിക്കാൻ നിയോഗിച്ചിരിക്കുന്ന വാച്ചർമാരുടെ ഡ്യൂട്ടിസമയം സംഘർഷസാധ്യത കൂടിയ മേഖലകളിൽ ദീർഘിപ്പിക്കുവാനും തീരുമാനിച്ചു.
വനപാതയിലൂടെയുള്ള യാത്രക്കാർക്കുള്ള നിർദേശങ്ങളടങ്ങിയ നോട്ടീസ് ബോർഡും അപകടസാധ്യതാമുന്നറിയിപ്പ് സൂചിപ്പിക്കുന്ന ബോർഡും വനംവകുപ്പും പ്ലാന്റേഷൻ കോർപറേഷനും ചേർന്നു സ്ഥാപിക്കും. വന്യജീവികൾ കൂടുതലായി കാണുന്ന കുളിരാന്തോട് ഭാഗത്തു പ്രത്യേക ലൈറ്റ് വാഴച്ചാൽ ഡിവിഷനിൽനിന്നും അനുവദിക്കും.
വന്യജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും അവയുടെ ഫോട്ടോ എടുക്കുന്നതും, അനാവശ്യമായി വനഭൂമിയിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്തു സംഘർഷസാധ്യത കൂട്ടുന്നതും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതും ശ്രദ്ധയിൽപെട്ടാൽ വനംവകുപ്പും പ്ലാന്റേഷൻ കോർപറേഷനും അവർക്കെതിരേ കർശനമായ നിയമനടപടികളെടുക്കാൻ തീരുമാനിച്ചു.
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീനിവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി, മലയാറ്റൂർ ഡിവിഷൻ എഡിസിഎഫ് ആർ. സന്തോഷ്കുമാർ, പി.സി.കെ കല്ലാല എസ്റ്റേറ്റ് മാനേജർ സി.ആർ. രഘു, അതിരപ്പിള്ളി എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ ജി. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.