ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെതിരേ കോണ്‍ഗ്രസ്
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: നാലു വർഷത്തെ കാലാവധി നിലനിൽക്കേ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരേ കോണ്‍ഗ്രസ്.
പതിനെട്ടംഗ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 13 സീറ്റിലും വിജയിച്ചു വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഭരണസമിതിയെ നിയമവിരുദ്ധമായി പിരിച്ചു വിട്ടതിനെ യുഡിഎഫും കോണ്‍ഗ്രസും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.
സഹകരണരംഗം പ്രതിസന്ധിയിൽ നിൽക്കുന്ന കാലത്ത് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നു പറയുന്ന സർക്കാർതന്നെയാണു യുഡിഎഫ് ഭരണത്തിലുള്ള ബാങ്കുകൾ അധികാര ദുർവിനിയോഗത്തിലൂടെ പിടിച്ചെടുക്കുന്നതെന്നു സതീശൻ പറഞ്ഞു.
കാർഷിക ഗ്രാമവികസന ബാങ്കിൽ പൊതുയോഗം നടന്നില്ലെന്ന വാദം ഉയർത്തിയാണ് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.
സിപിഎം നേതാക്കൾ മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് യോഗം അലങ്കോലപ്പെടുത്തിയതും അഡീഷണൽ രജിസ്ട്രാർ ഭരണസമിതിയെ പിരിച്ചുവിട്ടതുമെന്നു സതീശൻ പറഞ്ഞു.
യുഡിഎഫിനു ഭൂരിപക്ഷമുള്ള ഭരണസമിതികളെ പിരിച്ചുവിട്ട് ബാങ്കുകളിൽ തട്ടിപ്പും കൊള്ളയും നടത്തി തകർക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി.