നാലുവയസുകാരിയെ അധ്യാപിക ഉപദ്രവിച്ചതായി പരാതി; കേസെടുത്തു
Wednesday, December 11, 2024 1:22 AM IST
തിരുവനന്തപുരം: എൽകെജിയിൽ പഠിക്കുന്ന നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി.
കുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ അധ്യാപികയ്ക്കെതിരേ ഫോർട്ട് പോലീസ് കേസെടുത്തു.
സംഭവത്തിൽ അധ്യാപികയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. ഉച്ചയ്ക്കു ശുചിമുറിയിൽ പോയതിനു കുട്ടിയെ അധ്യാപിക വഴക്കു പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണു പരാതിയിൽ പറയുന്നത്.
പിതാവ് സ്കൂളിൽനിന്നു കുട്ടിയെ വിളിച്ചുകൊണ്ടു വന്നതിനു ശേഷം മുത്തശി കുളിപ്പിക്കാൻ പോയപ്പോൾ അടിവയറ്റിൽ വേദനിക്കുന്നുവെന്നു കുട്ടി പറഞ്ഞു. ശരീരം പരിശോധിച്ചപ്പോഴാണു നുള്ളി ഉപദ്രവിച്ചതിന്റെ മുറിവു കണ്ടത്. തുടർന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
സ്കൂളിലെ സിസിടിവി പരിശോധിച്ചപ്പോൾ അധ്യാപിക കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതായി രക്ഷാകർത്താക്കൾ പറഞ്ഞു. ഇതിനുശേഷമാണ് ഇന്നലെ പോലീസിൽ പരാതി നൽകിയത്.