ക്രമസമാധാനം പാലിക്കപ്പെടണം; സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് കളക്ടര്‍
Monday, January 13, 2025 2:58 AM IST
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനമായ ബിഷപ്ഹൗസില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുമായി കളക്ടര്‍ ചര്‍ച്ച നടത്തി.
സഭയുമായി ബന്ധപ്പെട്ട ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ ക്രമസമാധാനം പലിക്കപ്പെടാന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ് പറഞ്ഞു.
പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ചർച്ച നടത്തിയത്. ചർച്ചയിൽ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട് തലശേരിയിലേക്ക് പോകേണ്ടിവന്നതിനാല്‍ പകരം വികാരി ജനറാളിനെയാണ് അയച്ചത്. യോഗത്തിനിടെ കളക്ടര്‍ ആര്‍ച്ച്ബിഷപ്പുമായി ഫോണില്‍ സംസാരിച്ചു. വിമത വൈദികരുമായി 21ന് ചര്‍ച്ച നടത്താമെന്ന് ആര്‍ച്ച്ബിഷപ് അറിയിച്ചെങ്കിലും കളക്ടറുടെ നിര്‍ദേശം മാനിച്ച് ഇന്നലെ രാത്രി വൈകി വൈദികരുമായി ആര്‍ച്ച്ബിഷപ് കൂടിക്കാഴ്ച നടത്തി.