പി.പി. ദിവ്യയുടെ ബിനാമി കമ്പനിക്ക് കോടികളുടെ കരാറെന്ന് ആരോപണം
Thursday, January 23, 2025 3:52 AM IST
കണ്ണൂർ: പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതികളുടെയും സന്പാ ദിച്ച ബിനാമി സ്വത്തുകളുടെയും രേഖകൾ പുറത്തുവിട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കോടിക്കണക്കിനു രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പനിക്കാണെന്നും കമ്പനി ഉടമയായ ബിനാമിയുടെയും പി.പി. ദിവ്യയുടെ ഭർത്താവിന്റെയും പേരിൽ ഏക്കർ കണക്കിനു സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.
കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ടിൽ ബിനാമി കമ്പനിയുടെ എംഡിയും ദിവ്യയുടെ നാട്ടുകാരനുമായ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്. ഇരുവരുടെയും പേരിൽ സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ സഹിതമാണ് മുഹമ്മദ് ഷമ്മാസ് ബിനാമി ഇടപാടിന്റെ തെളിവുകൾ പുറത്തുവിട്ടത്.
അനധികൃതമായി സ്വന്തം ബിനാമി കമ്പനിക്കു ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിന് രൂപയുടെ കരാർ നൽകിയതിന്റെ രേഖകളും ഷമ്മാസ് പുറത്തുവിട്ടു.പതിനൊന്നു കോടിയോളം രൂപയാണ് രണ്ടു വർഷത്തിനിടെ പ്രീ ഫാബ്രിക്കേറ്റ് ടോയ്ലറ്റ് നിർമാണങ്ങൾക്കു മാത്രമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനിക്കു നൽകിയത്. ഇതിന് പുറമെ പടിയൂർ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്പനിക്കുതന്നെയായിരുന്നു.
പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ഓഗസ്റ്റ് ഒന്നിനാണ് ബിനാമി കമ്പനി രൂപവത്കരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് ബിനാമി കമ്പനിയുടെ എംഡി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രീ ഫാബ്രിക് നിർമാണങ്ങളാണു സിൽക്ക് വഴി ഈ കമ്പനിക്കു ലഭിച്ചത്.
പ്രധാനമായും ബയോ ടോയ്ലറ്റുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയായിരുന്നു നിർമാണം. മൂന്നു വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനി മാത്രം ചെയ്തത്. ഒരു കരാർ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമെന്നും ഷമ്മാസ് ആരോപിച്ചു.
നിയമനടപടി സ്വീകരിക്കും: പി.പി. ദിവ്യ
കണ്ണൂർ: തന്റെ ഭർത്താവ് ഏക്കർ കണക്കിനു ഭൂമി വാങ്ങിയിട്ടുണ്ടെന്ന ആരോപണം കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.
കുടുംബത്തിന് നേരേ യുള്ള വ്യാജപ്രചാരണത്തിനു മറുപടി പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും പി.പി. ദിവ്യ പറഞ്ഞു.