സാമ്പത്തിക വഞ്ചനാക്കേസ് ; ഷാന്‍ റഹ്മാനെ ചോദ്യംചെയ്യാന്‍ പോലീസ്
Wednesday, March 26, 2025 11:59 PM IST
കൊച്ചി: സംഗീതനിശയുടെ പേരില്‍ 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന വഞ്ചനാക്കേസില്‍ പ്രതിയായ സംഗീതസംവിധായകന് ഷാന്‍ റഹ്മാനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. നിലവില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഷാന്‍ വൈകാതെ ഹാജരാകുമെന്നാണ് വിവരം. അന്വേഷണവുമായി സഹകരിക്കാത്തപക്ഷം മുന്‍കൂർ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു.
അതേസമയം, വഞ്ചനാക്കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഷാന്‍ നടത്തുന്നതായും വിവരമുണ്ട്. സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.
സംഗീതനിശയുമായി ബന്ധപ്പെട്ട് ഗതാഗതതടസമുണ്ടായതിനും അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനും ഷാന്‍ റഹ്മാനെതിരേ രണ്ട് കേസുകള്‍ കൂടി സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനുവരി 25ന് തേവര എസ്എച്ച് ഗ്രൗണ്ടില്‍ ഷാന്‍ റഹ്മാന്റെ ട്രൂപ്പായ ഇറ്റേണല്‍ റേ നടത്തിയ ‘ഉയിരേ’ സംഗീതപരിപാടിയിലൂടെ പണം തട്ടിച്ചതായാണു പരാതി. പ്രൊഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിജുരാജാണ് പരാതിക്കാരന്.
സംഗീതപരിപാടിയുടെ സംഘാടനം നിജുവിന്റെ അറോറ എന്റർടെയ്ൻമെന്റായിരുന്നു. പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ചു പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് പരാതി. ബുക്ക് മൈ ഷോയിലൂടെ സ്വരൂപിച്ച പണം മുഴുവന്‍ ഷാന്‍ റഹ്മാന് കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ആരോപണം അടിസ്ഥാനരഹിതം: ഷാന്‍ റഹ്മാന്
നിലവില്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. പരാതിക്കാരന് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. യഥാർഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് പരാതിക്കാരന്റെ ശ്രമം.
സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിജുരാജ് ഏബ്രഹാമുമായി തര്‍ക്കമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാനും സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനുമായി മെനഞ്ഞ തന്ത്രമാണ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഷാന്‍ റഹ്മാന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.