പോലീസ് ചോദ്യംചെയ്തു വിട്ടയച്ച യുവാവ് ജീവനൊടുക്കി
Thursday, October 23, 2025 1:09 AM IST
ചാലക്കുടി: പോലീസ് വീട്ടിൽനിന്നു രാത്രി വിളിച്ചുകൊണ്ടുപോയശേഷം വിട്ടയച്ച യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കുറ്റിച്ചിറ ചെമ്പൻകുന്ന് വടക്കേക്കര ജോർജിന്റെ മകൻ ലിന്റോ(41) ആണ് മരിച്ചത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് കുറ്റിച്ചിറ ജംഗ്ഷനിൽ രാത്രി ഒരു സംഘം ആളുകൾ വടിവാൾ വീശി ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 13നു രാത്രി വെള്ളിക്കുളങ്ങര പോലീസ് ലിന്റോയെ വീട്ടിൽനിന്നു വിളിച്ചിറക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയിരുന്നു.
പുലർച്ചെ വീട്ടിൽ തിരിച്ചുകൊണ്ടുവിടുകയും ചെയ്തിരുന്നു. ഇതിനുശേഷം ലിന്റോ മാനസികവിഷമത്തിലായിരുന്നുവെന്നു വീട്ടുകാർ പറയുന്നു. ഡ്രൈവറായ ലിന്റോ ജോലിക്കും പോയിരുന്നില്ല. കഴിഞ്ഞദിവസം വണ്ടി ഓടിക്കാൻ ചെന്നപ്പോൾ തനിക്കു പേടിയാകുന്നുവെന്നു പറഞ്ഞിരുന്നു.
രാത്രിയിലാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ലിന്റോയെ പോലീസ് കൊണ്ടുപോയശേഷം എന്താണ് സംഭവിച്ചതെന്നു പോലീസ് വ്യക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പോലീസിനുനേരേ നാട്ടുകാർ ബഹളംവച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയെങ്കിലും നാട്ടുകാർ ഇൻക്വസ്റ്റ് തടഞ്ഞു. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ ആശുപത്രിയിലെത്തി നാട്ടുകാരുമായി ചർച്ച നടത്തി.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതിനെത്തുടർന്നാണ് നാട്ടുകാർ വഴങ്ങിയത്. പിന്നീട് മൃതദേഹം പോസ്റ്റുമോർട്ടത്തിനുവേണ്ടി തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
കുറ്റിച്ചിറയിൽ വടിവാൾ വീശി ആക്രമണം നടത്തിയ കേസിലെ പ്രധാന പ്രതി ലിന്റോയുടെ സുഹൃത്താണെന്നു മനസിലാക്കി പ്രതിയുടെ താമസസ്ഥലം കണ്ടെത്തുന്നതിനുവേണ്ടിയാണ് യുവാവിനെ കൊണ്ടുപോയതെന്നു പോലീസ് അധികൃതർ പറഞ്ഞു.