ഇര മുന്നോട്ടു വന്നില്ലെങ്കിൽ പരിഹാരമില്ല; രാഹുൽ വിഷയത്തിൽ വനിതാ കമ്മീഷൻ
Thursday, October 23, 2025 1:09 AM IST
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഇര ധൈര്യത്തോടെ മുന്നോട്ടു വരണമെന്നും അവഹേളിക്കപ്പെടുമെന്ന് ഭയന്ന് ഒളിഞ്ഞിരുന്നാൽ പരിഹാരമാകില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇരയാകുന്ന പെൺകുട്ടി കൊടുക്കുന്ന മൊഴിയും തെളിവുകളുമാണ് പോലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ സഹായമാകുന്നത്. പലപ്പോഴും ഭയം മൂലം ഇരകൾ പരാതി നല്കുന്നില്ല. കമ്മീഷന്റെ മുമ്പിൽ വ്യക്തമായ മൊഴി നല്കുന്ന സാഹചര്യത്തിൽ മാത്രമാണ് നടപടിയെടുക്കാൻ പോലീസിനോട് നിർദേശിക്കാൻ പറ്റുകയെന്നും സതീദേവി പറഞ്ഞു.
തൊഴിൽ ചൂഷണം: റിപ്പോർട്ട് തേടിയെന്ന്
സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. കമ്മീഷൻ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. സതീദേവി.