പൊതുവിദ്യാഭ്യാസം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു: മാർ തറയിൽ
Thursday, October 23, 2025 1:38 AM IST
ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിലുള്ള സമരം പൊതുവിദ്യാഭ്യാസം നിലനിർത്താനുള്ള സമരമാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ചങ്ങനാശേരി അതിരൂപതയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധി സര്‍ക്കാരിന് ഒറ്റ ഉത്തരവിലൂടെ പരിഹിക്കാവുന്നതേയുള്ളൂ. വീണ്ടുമത് കോടതി കയറ്റി നീട്ടിക്കൊണ്ടുപോകുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം 16ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ഉറപ്പു നല്‍കിയിരുന്നത്. ഈ വാഗ്ദാനം പാലിക്കപ്പെടാത്തത് ദുരൂഹമാണ്. ഇതിനുപിന്നില്‍ നിഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു. ഇതിന്റെ പേരില്‍ നിയമനം നീണ്ടുപോയാല്‍ ആയിരക്കണക്കിന് അധ്യാപകരുടെയും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും ഭാവിയെ ബാധിക്കും.
സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ സംഘടിതമായ നീക്കം നടക്കുന്നു. ക്രൈസ്തവ വിദ്യാലയങ്ങളെ വർഗീയ കേന്ദ്രമാക്കി ചിത്രീകരിക്കാനുഉള്ള ശ്രമം വിലപ്പോവില്ല. രാഷ്ട്രീയ പാർട്ടികളും ഇത് കണ്ടിട്ട് നിശബ്ദമായിരിക്കുന്നത് സങ്കടകരമാണ്. മറ്റു രാജ്യത്തായിരുന്നെങ്കിൽ പറുദീസ ആകുമായിരുന്ന കുട്ടനാടിനെ ഈ അവസ്ഥയിൽ എത്തിച്ചത് രാഷ്ട്രീയ-ഭരണ നേതൃത്വമാണന്നും മാർ തോമസ് തറയിൽ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ അവഗണന തുടർന്നാൽ രാഷ്ട്രീയമായി പ്രതികരിക്കാൻ സമുദായം സജ്ജമാണെന്ന് ജാഥാ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.