ദേശീയപാതയിലെ കുരുക്കിൽപ്പെട്ട് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം
Thursday, October 23, 2025 1:38 AM IST
അരൂർ: ആശുപത്രിയിലേക്കു കാറോടിച്ചു പോകുകയായിരുന്ന ഡയാലിസിസ് രോഗിയായ യുവാവിന് അരൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ടു ജീവൻ നഷ്ടമായി. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) പി.പി. ദിലീപ് (42) ആണു മരിച്ചത്.
ഡയാലിസിസിനായി എറണാകുളത്തെ ആശുപത്രിയിലേക്ക് ഒറ്റയ്ക്കു പോയ ഇദ്ദേഹം ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. കുരുക്ക് മാറാതായതോടെ അവശനായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇന്നലെ രാവിലെ 11ഓടെ അരൂര്‍ അമ്പലം ജംഗ്ഷനു സമീപമായിരുന്നു സംഭവം. അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരന്‍ വി.ആർ. ഡിജു ആശുപത്രിയില്‍ കൂട്ടുപോകുന്നതിനായി കാത്തുനിന്നിരുന്നു.
പലവട്ടം ഫോണ്‍ ചെയ്തിട്ടും ദിലീപ് എടുക്കാതെ വന്നപ്പോള്‍ ഡിജു അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിനു താഴേക്ക് വാഹനം അപകടരഹിതമായി മാറ്റിയിട്ട നിലയില്‍ കണ്ടത്. ഡിജു സമീപത്തുളള അമ്പലം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോക്കാരെ വിളിച്ചുവരുത്തി.
ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ ആംബുലന്‍സെത്തി ഡയലാസിസ് നടത്തുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കുറച്ചു വര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ദിലീപ്.
കൊച്ചിയിലെ ആഡംബര വാഹന ഷോറൂമിലെ ജീവനക്കാരനാണ്. ഭാര്യ: ഡിജി. മകന്:അര്ജുന്. സംസ്കാരം ഇന്ന്.
ദേശീയ 66ൽ അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ ദിവസവും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.