നിയമസഭാ ആക്രമണ കേസ്; സഭയ്ക്കകത്ത് തെളിവെടുപ്പ് വേണമെന്നു പോലീസ്
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: നിയമസഭാ ആക്രമണകേസിൽ അന്നത്തെ എംഎൽഎയായിരുന്ന ഗീതാഗോപിയുടെ പരാതിയിൽ സഭയ്ക്ക് അകത്ത് തെളിവെടുപ്പു വേണമെന്നു പോലീസ്. ഇതു സംബന്ധിച്ചു സ്പീക്കർക്കു പോലീസ് നൽകിയ ആവശ്യം നിയമസഭയുടെ പ്രിവിലലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
ഇന്നലെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി യോഗം ചേർന്നെങ്കിലും ഇതു സംബന്ധിച്ച അജൻഡ ഇന്നലെ രാവിലെ മാത്രമാണ് അംഗങ്ങൾക്കു വിതരണം ചെയ്തത്. അജൻഡയിലെ വിഷയങ്ങൾ മുൻകൂട്ടി നൽകാതെയും പഠിക്കാൻ അവസരം നൽകാതെയും ചർച്ച ചെയ്യരുതെന്നും വിഷയം മാറ്റിവയ്ക്കണമെന്നും സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോണും യു.എ. ലത്തീഫും ആവശ്യപ്പെട്ടു.
പഠിക്കാതെ വിഷയം ചർച്ച ചെയ്യുന്നതിലെ അതൃപ്തി ഭരണകക്ഷിയിലെ ചില അംഗങ്ങൾ കൂടി ഉന്നയിച്ചതോടെ സഭയ്ക്ക് അകത്ത് തെളിവെടുപ്പിനായി പോലീസിനെ കയറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് അടുത്ത യോഗത്തിലേക്കു മാറ്റാൻ തീരുമാനിച്ചു.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി പോലീസിനെ തെളിവെടുപ്പിനായി സഭയ്ക്ക് അകത്തു കയറ്റാനുള്ള നീക്കത്തിൽ നിയമോപദേശം തേടണമെന്ന ആവശ്യവും ഉയർന്നു. ഇക്കാര്യത്തിൽ നിയമോപദേശം കൂടി വാങ്ങിയ ശേഷമാകും ഇനി പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുക.
2015 മാർച്ചിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമസഭയിൽ സംഘർഷാന്തരീക്ഷമുണ്ടായത്. ഇതിനിടെ അന്നത്തെ പ്രതിപക്ഷ വനിതാ അംഗങ്ങളെ കോണ്ഗ്രസ് എംഎൽഎമാർ ആക്രമിച്ചുവെന്ന കേസുമുണ്ടായി.
ഇതിൽ ഒരു കേസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഗീതാ ഗോപി ക്രൈംബ്രാഞ്ചിനു നൽകിയ പരാതിയിലാണ് 10 വർഷത്തിനു ശേഷം പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നൽകിയത്.