അതിദരിദ്രരില്ലാത്ത കേരളം ; പ്രഖ്യാപനം നവംബർ ഒന്നിന്
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: അതിദരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.
സെൻട്രൽ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങിൽ അതിദരിദ്രരില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനച്ചടങ്ങിൽ എല്ലാ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും. ചടങ്ങിൽ അതിഥികളായി നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ തുടങ്ങിയവരും പങ്കെടുക്കുമെന്നു മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും അറിയിച്ചു.
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതേസമയത്തു തന്നെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികളും നടക്കും.
അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ളാറ്റുകൾ
അതിദരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ളാറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ പുറക്കാട് മണ്ണുംപുറത്ത് നിർമാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്ളാറ്റ് സമുച്ചയത്തിലെ 50 ഫ്ളാറ്റുകളാണ് നൽകുക. പുനർഗേഹം പദ്ധതി പ്രകാരം നിർമിച്ചതിൽ അധികമുള്ള 50 ഫ്ളാറ്റുകളാണ് നൽകുന്നത്.