ആശാ പ്രവർത്തകരുടെ ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം
Thursday, October 23, 2025 1:38 AM IST
തിരുവനന്തപുരം: ആശാ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
ക്ലിഫ്ഹൗസിനു മുന്നിലേക്കുള്ള വഴിയിൽ ബാരിക്കേഡ് ഉപയോഗിച്ചു പോലീസ് മാർച്ച് തടഞ്ഞു. തുടർന്നു റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ മടങ്ങില്ലെന്ന നിലപാടെടുത്തു. പോലീസ് നിരവധി തവണ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും ആശാ പ്രവർത്തകർ തയറായില്ല.
പാട്ടകൊട്ടിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ഏറെ നേരം റോഡിൽ കുത്തിയിരുന്നു. ഇതിനിടെ മാർച്ചിന് അഭിവാദ്യമർപ്പിക്കാൻ ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത ആളുകളും എത്തിയതോടെ പ്രതിഷേധം കടുത്തു.
പോലീസ് ബാരിക്കേഡ് തള്ളിമാറ്റി രണ്ട് ആശാപ്രവർത്തകർ പുറത്തുകടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാക്കൾ കൂടി എത്തിയതോടെ ക്ലിഫ്ഹൗസ് പരിസരം സംഘർഷഭൂമിയായി.
ഇന്നലെ രാവിലെ പിഎംജി ജംഗ്ഷനിൽനിന്നും ആരംഭിച്ച മാർച്ച് 12 മണിയോടെയാണു ക്ലിഫ്ഹൗസ് റോഡിലെത്തിയത്. കയർകെട്ടി സ്ഥാപിച്ച ബാരിക്കേഡ് പലതവണ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്കു പോലീസ് ജീപ്പ് കടന്നുവന്നതോടെ സംഘർഷം മൂർച്ഛിച്ചു.
സമരക്കാരുടെ സ്പീക്കറും മൈക്കും പോലീസ് പിടിച്ചെടുത്തിനെത്തുടർന്ന് പോലീസ് ജീപ്പ് പ്രവർത്തകർ വളഞ്ഞുവച്ചു. ഇതിനു നേതൃത്വം നൽകിയ സിഎംപി ജനറൽ സെക്രട്ടറി സി. പി.ജോണിനെയും ആശ സമര നേതാവ് എസ്. മിനി, എം.എ. ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ജലപീരങ്കി പ്രയോഗത്തിൽ ആശാപ്രവർത്തകർക്കു റോഡിൽ വീണു പരിക്കേറ്റു. അറസ്റ്റ് ചെയ്ത ആശാ പ്രവർത്തകരെ നന്ദാവനം പോലീസ് ക്യാന്പിലേക്കു മാറ്റി. പോലീസ് ലാത്തി കൊണ്ടു കുത്തിയെന്നും എസ്. മിനിയുടെ വസ്ത്രം വലിച്ചുകീറിയെന്നും പ്രവർത്തകർ ആരോപിച്ചു.പോലീസ് അതിക്രമത്തിനെതിരേ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാർ പറഞ്ഞു.
വൈകുന്നേരം ആറുമണിയായിട്ടും സമരത്തിൽനിന്നും ആശാ പ്രവർത്തകർ പിന്മാറിയില്ല. ഒടുവിൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കു വഴിയൊരുക്കാമെന്നു പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനു ശേഷം ആറുമണിയോടെ ആശാപ്രവർത്തകർ പിരിഞ്ഞുപോയി.
ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ കഴിഞ്ഞ എട്ടുമാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ ക്ലിഫ്ഹൗസ് മാർച്ച് സംഘടിപ്പിച്ചത്.