അയ്യന്റെ അരികെ..., രാഷ്ട്രപതി ശബരിമല ദർശനം നടത്തി
Thursday, October 23, 2025 1:38 AM IST
ശബരിമല: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര ദർശനം നടത്തി. പമ്പയിൽനിന്നു പ്രത്യേക വാഹനത്തിൽ ഇന്നലെ രാവിലെ 11.45ന് ശബരിമലയിലെത്തിയ രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി നാളികേരം ഉടച്ചശേഷം പതിനെട്ട് പടി കയറിയാണ് സന്നിധാനത്ത് എത്തിയത്. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ്. നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാംപടി ചവിട്ടി.
സന്നിധാനത്ത് രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. മന്ത്രി വി.എൻ. വാസവൻ, റവന്യു ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്‍പിലും ഉപദേവത പ്രതിഷ്ഠകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവരുസ്വാമി നടയും സന്ദർശിച്ചു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ഹെലികോപ്ടർ മാർഗം പത്തനംതിട്ട പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങിയ രാഷ്ട്രപതിയെ മന്ത്രി വി.എൻ. വാസവൻ അനുഗമിച്ചിരുന്നു.
സ്റ്റേഡിയത്തിൽ മന്ത്രിയോടൊപ്പം ആന്റോ ആന്റണി എംപി, എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് തുടങ്ങിയവർ ചേർന്നു രാഷ്ട്രപതിയെ സ്വീകരിച്ചു. അവിടെനിന്ന് കാർ മാർഗമാണ് പന്പയിലേക്ക് തിരിച്ചത്.
ഇരുമുടിക്കെട്ടുമായി സന്നിധാനത്ത്
രാവിലെ 11 ഓടെ പന്പയിലെത്തിയ രാഷ്ട്രപതി പന്പാനദിയിൽ കാൽകഴുകി വന്ദിച്ചശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി.
ഗണപതി കോവിലിനു മുമ്പില്‍ നിന്ന് ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ ജീപ്പിലായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. അഞ്ച് വാഹനങ്ങളിലായി 20 അംഗ സംഘം രാഷ്ട്രപതിയെ അനുഗമിച്ചു.
ശബരിമലയിൽ ദർശനത്തിനുശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉപഹാരം മന്ത്രി വി. എൻ. വാസവൻ രാഷ്ട്രപതിക്കു സമ്മാനിച്ചു. ശബരിമലയിൽനിന്നു തിരികെ ഇറങ്ങിയ രാഷ്ട്രപതി കാർ മാർഗം പ്രമാടത്തെത്തി. വൈകുന്നേരം 4.15ന് ഇവിടെനിന്ന് ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.