പിഎം ശ്രീ പദ്ധതി: മന്ത്രിസഭയിൽ എതിർപ്പറിയിച്ച് സിപിഐ
Thursday, October 23, 2025 1:38 AM IST
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിലെ എതിർപ്പ് മന്ത്രിസഭാ യോഗത്തിൽ അറിയിച്ച് സിപിഐ മന്ത്രിമാർ.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ പിഎം ശ്രീ പദ്ധതി ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും സിപിഐ മന്ത്രിമാർ ഈ വിഷയത്തിലെ ആശങ്ക സ്വമേധയാ യോഗത്തിൽ ഉന്നയിക്കുകയായിരുന്നു.
സിപിഐ മന്ത്രിമാരുടെ ആശങ്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മന്ത്രിസഭയിൽ മറുപടി നൽകിയില്ല. എന്നാൽ, മന്ത്രിസഭയ്ക്കു ശേഷം റവന്യു മന്ത്രി കെ. രാജനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
സമവായ ശ്രമങ്ങളാണ് പ്രധാനമായി ചർച്ച നടത്തിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടേണ്ടതില്ലെന്ന കടുത്ത നിലപാടാണ് സിപിഐക്കുള്ളതെന്നും തമിഴ്നാട് മാതൃകയിൽ കോടതിയെ സമീപിച്ച് ഫണ്ട് വാങ്ങിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നുമുള്ള സൂചനയാണു നൽകിയത്.
നേരത്തേ മന്ത്രിസഭയിൽ സിപിഐ എതിർപ്പ് അറിയിച്ചതിനെത്തുടർന്നു മാറ്റിവച്ച പിഎം ശ്രീ പദ്ധതിയിൽ വീണ്ടും ഒപ്പുവയ്ക്കുമെന്ന നിലപാടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്നു മാധ്യമങ്ങളിൽകൂടി അറിയാൻ കഴിഞ്ഞത്.
ഇതു ശരിയാണെങ്കിൽ സിപിഐ നിലപാടിന് വിരുദ്ധമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം പൂർണ തോതിൽ നടപ്പാക്കേണ്ടിവരും. ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് ആരെയാണ് അറിയിച്ചതെന്നും മന്ത്രി കെ. രാജൻ ചോദിച്ചു.
എന്നാൽ, മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയിൽ ഇക്കാര്യം മിണ്ടിയില്ല. പിന്നീടായിരുന്നു കെ. രാജനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.