പൂരം കലക്കലില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ ഡിവൈഎസ്പിക്ക് ശാസന മാത്രം
Thursday, October 23, 2025 1:10 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടി സംസ്ഥാന സര്‍ക്കാരിനെ വിവാദത്തിലാക്കിയെന്ന് ആരോപിച്ച് സസ്പെന്‍ഡു ചെയ്ത ഡിവൈഎസ്പിക്കെതിരേയുളള വകുപ്പുതല നടപടി ഒടുവില്‍ തീര്‍പ്പാക്കി.
പോലീസ് ആസ്ഥാനത്തെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ഡിവൈഎസ്പി എം.എസ്. സന്തോഷിനെതിരായ നടപടിയാണ് ശാസനയോടെ അവസാനിപ്പിച്ചത്. വിവരാവകാശ അപേക്ഷ ലഭിച്ച് തൊട്ടടുത്ത ദിവസംതന്നെ ഇതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ ബന്ധപ്പെട്ട ഓഫീസില്‍നിന്നു ലഭിക്കാന്‍ കാത്തുനില്‍ക്കാതെ അപേക്ഷകന് തിടുക്കത്തില്‍ അപൂര്‍ണമായ മറുപടി നല്‍കുകയും ലഭ്യമായ വിവരങ്ങള്‍ നല്‍കാനായി അപേക്ഷ തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
2024 സെപ്റ്റംബര്‍ അഞ്ചിന് വിവരാവകാശ നിയമപ്രകാരം തൃശൂര്‍ പൂരത്തിലെ ചില ചടങ്ങുകള്‍ മുടങ്ങിയതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ, അന്നത്തെ സിറ്റി പോലീസ് കമ്മീഷണറുടെ സ്ഥലംമാറ്റം വീഴ്ച മൂലമായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് അപേക്ഷ ലഭിച്ചത്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം നടക്കുന്നില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചുവെന്നാണ് ഡിവൈഎസ്പിക്കെതിരേ ആരോപണമുയര്‍ന്നത്.
വിവരാവകാശ മറുപടി മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും പ്രതിപക്ഷം അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത്.