ശതാബ്ദി സമ്മേളനം നാളെ; രാഷ്ട്രപതിയെ വരവേല്‍ക്കാനൊരുങ്ങി സെന്റ് തെരേസാസ് കോളജ്
Thursday, October 23, 2025 1:09 AM IST
കൊച്ചി: ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കാന്‍ എറണാകുളം സെന്റ് തെരേസാസ് കോളജ് ഒരുങ്ങി. പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നാളെ ഉച്ചയ്ക്ക് 12.10നാണു സമ്മേളനം.
839 വിദ്യാര്‍ഥിനികള്‍, 220 എന്‍എസ്എസ്-എന്‍സിസി വോളന്റിയര്‍മാര്‍, 225 അധ്യാപകര്‍, 200ലധികം വിവിഐപികള്‍ എന്നിവരുള്‍പ്പെടെ 1632 പേര്‍ക്കാണു സമ്മേളനഹാളില്‍ പ്രവേശനമുള്ളത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ്, വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ എന്നിവര്‍ക്കൊപ്പം സഭാ, കോളജ് അധികാരികളും ചടങ്ങില്‍ പങ്കെടുക്കും.
കോളജിലെത്തുന്ന രാഷ്ട്രപതിക്ക് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അഞ്ച് ഉപഹാരങ്ങള്‍ സമ്മാനിക്കും. പരിപാടിക്ക് എത്തുന്ന അതിഥികള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നാളെ കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലിറങ്ങുന്ന രാഷ്ട്രപതി റോഡ്മാര്‍ഗമാണു സെന്റ് തെരേസാസ് കോളജിലെത്തുക. ഇവിടെ സമ്മേളനത്തിനുശേഷം ബോള്‍ഗാട്ടി പാലസില്‍ ഉച്ചഭക്ഷണം. നാലിന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു മടങ്ങും.