കെ.ആര്. നാരായണന് ചരിത്രപുരുഷനെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ചരിത്രപുരുഷനെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയ കെ.ആര്. നാരായണന് ഫൗണ്ടേഷന് ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
അംബാസിഡര്‍, വൈസ്ചാന്സിലര്, എംപി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച കെ.ആര്. നാരായണന് മികച്ച ഭരണാധികാരിയായിരുന്നു. കെ.ആര്. നാരായണന് പ്രചോദനമാണ്. രാജ്ഭവനില്‍ കെ.ആര്. നാരായണന്റെ പ്രതിമ താന്‍ അനാവരണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു.
കെ.ആര്. നാരായണന്റെ സ്മരണ നിലനിര്‍ത്താന്‍ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് ഫൗണ്ടേഷന് നല്കിയ നിവേദനത്തില്‍ ആവശ്യമുന്നയിച്ചു. നിവേദനം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറുമെന്ന് രാഷ്ട്രപതി ഭാരവാഹികളെ അറിയിച്ചു.
കെ.ആര്. നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് തയാറാക്കിയ കെ.ആര്. നാരായണന് ഭാരതത്തിന്റെ സൂര്യതേജസ് എന്ന ജീവചരിത്ര ഗ്രന്ഥവും കെ.ആര്. നാരായണനെക്കുറിച്ച് ഫൗണ്ടേഷന് പുറത്തിറക്കിയ ഉഴവൂരിന്റെ പുത്രന് എന്ന ഡോക്കുമെന്ററിയും ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് രാഷ്ട്രപതിക്ക് സമ്മാനിച്ചു.
ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്, വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ്, സെക്രട്ടറി ആര്. അജിരാജ കുമാര്‍, ലീഗല്‍ സെല്‍ അധ്യക്ഷന്‍ ജെ.ആര്. പത്മകുമാര്‍ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.