നൈജീരിയയിൽ ബൊക്കോ ഹറാമിന്റെ കൊലപാതക പരന്പര
Tuesday, November 24, 2020 11:06 PM IST
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ദിവസം നൈജീരിയായിലെ ഇസ്ലാമിക ഭീകരപ്രസ്ഥാനമായ ബൊക്കോ ഹറാം 15 പേരെ കൊന്നതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച ബോർണോ സംസ്ഥാനത്ത് ഒരു സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ച് ആറു പേരെ കൊല്ലുകയും 26 പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
നിരവധി ആളുകളെ കാണാതായിട്ടുണ്ട്. അന്നുതന്നെ ബോർണോ സംസ്ഥാനത്തെ ഗവർണറുടെ വാഹനവ്യൂഹത്തിനുനേരേ ബാഗാ പട്ടണത്തിനടുത്തു വച്ചു നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികരായ ഒൻപതുപേർ കൊല്ലപ്പെട്ടു. ബോക്കോ ഹറാം ഗവർണറെ വധിക്കാൻ ഇക്കൊല്ലം നടത്തിയ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.
വടക്കൻ നൈജീരിയായിൽ കാലിഫേറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അരുംകൊലകൾ. തീവ്രവാദികൾക്കെതിരേ അന്തർദേശീയ മുന്നേറ്റമുണ്ടെങ്കിലും അവർ സർക്കാർ, സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനും ആളുകളെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും ഇതരമതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അംഗങ്ങളെ ചേർക്കുന്നതു തടയാൻ സർക്കാരിനു കഴിയുന്നില്ലെങ്കിൽ ബോക്കോ ഹറാമിനെ അമർച്ച ചെയ്യുന്നതു ദുഷ്കരമായിരിക്കും എന്നാണു വിലയിരുത്തൽ.