യുവജനത ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാൻ ധൈര്യം കാണിക്കണം: മാർപാപ്പ
Saturday, September 24, 2022 11:42 PM IST
അസീസി(ഇറ്റലി): ഭൂമിയുടെ സംരക്ഷണത്തിലും ദാരിദ്ര്യനിർമാർജനത്തിലും യുവജനതയിൽ പ്രതീക്ഷയർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാനുള്ള ധൈര്യം യുവജനത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിശുദ്ധ ഫ്രാൻസിസിന്റെ ജന്മസ്ഥലമായ അസീസി സന്ദർശിച്ച മാർപാപ്പ, പരിസ്ഥിതി സംരക്ഷകരും സാന്പത്തിക ശാസ്ത്രജ്ഞരും അടക്കമുള്ള യുവതീയുവാക്കളോടു സംസാരിക്കുകയായിരുന്നു. ലോകമെന്പാടുംനിന്ന് ആയിരത്തോളം പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്.
ഭൂമിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തെക്കുറിച്ച് പുതുദർശനം പുലർത്തുന്ന ആഗോള സാന്പത്തിക വ്യവസ്ഥയുടെ ആവശ്യകത മാർപാപ്പ ചൂണ്ടിക്കാട്ടി. നമ്മൾ ഈ വഴിയിലൂടെ മുന്നോട്ടു പോയി ഏറെ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. പോയ തലമുറകൾ നമുക്ക് സന്പന്നമായ പാരന്പര്യം സമ്മാനിച്ചിട്ടുണ്ട്; പക്ഷേ, ഭൂമിയെ എങ്ങനെ സംരക്ഷിക്കണമെന്നോ സമാധാനം എങ്ങനെ ഉറപ്പാക്കണമെന്നോ നമുക്കറിഞ്ഞുകൂടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.