കോഹ്ലിക്കു വേണ്ടത് കേരള സദ്യ; രവിശാസ്ത്രിക്ക് കരിമീൻ പൊള്ളിച്ചത്
Saturday, December 7, 2019 11:56 PM IST
തിരുവനന്തപുരം: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കായി തയാറാക്കുന്നത് പൂർണമായും വെജിറ്റേറിയൻ വിഭവങ്ങൾ. ഹോട്ടൽ ലീലാ റാവിസിൽ കഴിഞ്ഞ രണ്ടു തവണ എത്തിയപ്പോഴും കോഹ്ലി ആവശ്യപ്പെട്ടത് വെജിറ്റേറിയൻ ഭക്ഷണമായിരുന്നു. അതിൽ കഴിഞ്ഞ തവണ ഉണ്ടാക്കിയ കേരളാ സദ്യ ഏറെ ഇഷ്ടപ്പെട്ടതായി അന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ആവും ഇന്ത്യൻ ക്യാപ്റ്റനായി ഇത്തവണയും തയാറാക്കുക.
ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്ക് ഏറെ ഇഷ്ടപ്പെട്ടത് കരിമീൻ പൊള്ളിച്ചതാണ്. ഇന്ത്യൻ താരങ്ങളിലേറെയും സീഫുഡ് ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ കായൽ, സമുദ്ര മത്സ്യങ്ങൾകൊണ്ടുള്ള വിവിധ വിഭവങ്ങൾ ടീമിനായി ഒരുക്കും. വെസ്റ്റിൻഡീസ് താരങ്ങൾക്ക് ചിക്കൻ വിഭവങ്ങളോടാണ് താത്പര്യം. ബട്ടർ ചിക്കൻ മസാലയും തന്തൂർ നാനുമാണ് വിൻഡീസ് താരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. മീൻകറിയും മട്ടൻ സ്റ്റ്യൂവും ഗ്രിൽഡ് ചിക്കനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുടീമുകൾക്കും പൊതുവായ ആവശ്യം മത്സ്യമാണ്.