ഇന്ത്യ x വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ഉച്ചയ്ക്ക് 1.30ന്
Saturday, December 14, 2019 11:32 PM IST
ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പര നേട്ടത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന വേട്ടയ്ക്കായി ഇറങ്ങുന്നു. മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരം ഇന്ന് ചെന്നൈയിൽ നടക്കും. ഡേ-നൈറ്റ് ആയി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക. വിൻഡീസിനെതിരായ തുടർച്ചയായ 10-ാം ഏകദിന പരന്പര ജയമെന്ന അപൂർവ നേട്ടത്തിനായാണ് ഇന്ത്യൻ ടീം ലക്ഷ്യംവയ്ക്കുന്നത്.
ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും ട്വന്റി-20യിലെ നാണക്കേട് ഒഴിവാക്കാനാണ് വിൻഡീസിന്റെ ശ്രമം. ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അഭാവം ശ്രദ്ധേയമാണ്. ധവാനു പകരം മായങ്ക് അഗർവാളിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന അരങ്ങേറ്റത്തിന് മായങ്കിന് അവസരം ലഭിക്കുമോയെന്നതാണ് അറിയേണ്ടത്. ജസ്പ്രീത് ബുംറയുടെ പിന്നാലെ ഭുവനേശ്വർ കുമാറും ഇല്ലാതാകുന്നത് ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മൂർച്ച കുറയ്ക്കും.
കാലാവസ്ഥ, ടീം
രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്നതാണ് ഏക വെല്ലുവിളി. മഴയെത്തുടർന്ന് മത്സരം വെട്ടിച്ചുരുക്കേണ്ടി വന്നേക്കും.
ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ നാലാം നന്പറിൽ ശ്രേയസ് അയ്യർ തുടരുമോ എന്നതും ആരാധകരുടെ ആകാംക്ഷയാണ്. നാലാം നന്പറിൽ ഏറ്റവും അനുയോജ്യനാണ് ശ്രേയസ് അയ്യർ എന്ന് മുൻ പരിശീലകൻ അനിൽ കുംബ്ലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ പ്രകടനവും ഏവരും കാത്തിരിക്കുന്നതാണ്.
ഭുവിക്കു പകരം ഷാർദുൾ
ട്വന്റി-20 പരന്പരയിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനു വീണ്ടും പരിക്കേറ്റത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു കനത്ത തിരിച്ചടിയായി. ഭുവനേശ്വറിന് പകരം മുംബൈ പേസർ ഷാർദുൾ ഠാക്കുറിനെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യ കപ്പിലാണ് ഷാർദുൾ ഇന്ത്യക്കായി അവസാനം ഏകദിനത്തിൽ കളിച്ചത്. മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ മുംബൈക്കായി എട്ട് കളിയിൽ ഒന്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഹമ്മദ് ഷമി, ദീപക് ചാഹർ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ.