യുവേഫ യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ പോർച്ചുഗലിനു ജയം
Saturday, March 25, 2023 12:01 AM IST
ലിസ്ബണ്‍: 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ ബലത്തിൽ പോർച്ചുഗൽ 4-0ന് ലിക്റ്റൻസ്റ്റൈനെ തോൽപ്പിച്ചു.
51 (പെനാൽറ്റി), 63 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ജാവൊ കാൻസെലൊ (8’0, ബെർണാഡൊ സിൽവ (47’) എന്നിവരും പോർച്ചുഗലിനായി വല കുലുക്കി.
ഇരട്ടഗോളോടെ പ്രഫഷണൽ ഫുട്ബോളിൽ 830 ഗോൾനേട്ടത്തിൽ റൊണാൾഡോ എത്തി.
രാജ്യാന്തര ഫുട്ബോളിൽ 120 ഗോളും പോർച്ചുഗൽ സൂപ്പർ താരം പൂർത്തിയാക്കി. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരം എന്ന റിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയതായിരുന്നു മറ്റൊരു സവിശേഷത. റൊണാൾഡോയുടെ 197-ാം രാജ്യാന്തര മത്സരമായിരുന്നു. കുവൈറ്റിന്റെ ബാദെർ അൽ മതവയ്ക്കൊപ്പം (196) റിക്കാർഡ് പങ്കിടുകയായിരുന്നു റൊണാൾഡോ.
പുതിയ പരിശീലകനായ റോബർട്ടോ മാർട്ടീനസ് മത്സരത്തിന്റെ 78-ാം മിനിറ്റിൽ റൊണാൾഡോയെ പിൻവലിച്ച് ഗോണ്‍സാലോ റാമോസിനെ കളത്തിലിറക്കി.
ഉറുഗ്വെയ്ക്കു ജപ്പാൻ പൂട്ട്
രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഉറുഗ്വെയെ സമനിലയിൽ കുടുക്കി ജപ്പാൻ. ഫെഡെറിക്കൊ വാൽവെർഡെയിലൂടെ (38’) മുന്നിൽ കടന്ന ഉറുഗ്വെയെ പകരക്കാരനായെത്തിയ തകുമ നിഷിമുറയുടെ (75’) ഗോളിൽ ജപ്പാൻ സമനിലയിൽ പിടിച്ചു.