ഹീറോ ഹൊസേലു
Monday, March 27, 2023 12:19 AM IST
മാഡ്രിഡ്: യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ സ്പെയിനു തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു നോർവേയെ സ്പാനിഷ്പട പരാജയപ്പെടുത്തിയത്. യുവതാരം ഹൊസേലു (83’, 85’) വിന്റെ ഇരട്ടഗോളായിരുന്നു സ്പെയിൻ വിജയത്തിന്റെ സവിശേഷത. പകരക്കാരനായെത്തി രണ്ടു മിനിറ്റിനിടെ രണ്ടുവട്ടം ഹൊസേലു ലക്ഷ്യംകണ്ടു. ഡാനി ഓൾമോയാണ് സ്പെയിന്റെ മറ്റൊരു സ്കോറർ. 13-ാം മിനിറ്റിൽ ഓൾമോയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്.
സൂപ്പർ താരം ഏർലിംഗ് ഹാലണ്ടില്ലാതെയാണ് നോർവേ കളിക്കാനിറങ്ങിയത്. മാർച്ച് 29ന് സ്കോട്ലൻഡിനെതിരേയാണു സ്പെയിനിന്റെ അടുത്ത മത്സരം. 28ന് നോർവേ അടുത്ത മത്സരത്തിൽ ജോർജിയയെ നേരിടും.
യൂറോ യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെ വെയിൽസ് സമനിലയിൽ തളച്ചു. ഇൻജുറി ടൈമിലെ ഗോളിലൂടെയായിരുന്നു വെയിൽസിന്റെ സമനില പിടിക്കൽ. 28-ാം മിനിറ്റിൽ ആന്ദ്രേ ക്രാമറിച്ചിലൂടെ ക്രൊയേഷ്യയാണു മുന്നിലെത്തിയത്. ഇഞ്ചുറി ടൈമിലാണു നഥാൻ ബ്രോഡ്ഹെഡ് വെയിൽസിന്റെ സമനില ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ സ്കോട്ലൻഡ് സൈപ്രസിനെയും (3-0) തുർക്കി അർമേനിയയേയും (2-1) സ്വിറ്റ്സർലൻഡ് ബെലാറൂസിനെയും (5-0) റുമേനിയ അൻഡോറയെയും (2-0) പരാജയപ്പെടുത്തി. ഇസ്രയേൽ-കൊസോവോ മത്സരം ഇരു ടീമും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു.