കുളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളെ രക്ഷിച്ച ഷാമിലിന് കളക്ടറുടെ അനുമോദനം
1578940
Saturday, July 26, 2025 6:02 AM IST
മലപ്പുറം: കുളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നു പെണ്‍കുട്ടികളെ തന്റെ മനോധൈര്യത്തിന്റെ ബലത്തിൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലപ്പുറം വെള്ളില പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് ഷാമിലിനെ ജില്ലാ കളക്ടർ വി.ആർ. വിനോദ് അനുമോദിച്ചു.
ഷാമിലിന്റെ അവസരോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലെന്നും മറ്റുകുട്ടികൾക്കെല്ലൊം ഇതൊരു മാതൃകയാകണമെന്നും കളക്ടർ പറഞ്ഞു. മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അദേഹം ഓർമപ്പെടുത്തി.
വെള്ളില പുത്തൻവീട് സ്വദേശിയായ ചാളക്കത്തൊടി മുഹമ്മദ് ഷാമിലിന്റെ വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനായി ഇറങ്ങിയ മൂന്നു പെണ്‍കുട്ടികൾ മുങ്ങിത്താഴുകയായിരുന്നു. അയൽവീട്ടിൽ സൽക്കാരത്തിനായി എത്തിയവരായിരുന്നു ഇവർ.
ഈ സമയം ഇതുവഴി വന്ന ആശാവർക്കർ പള്ളിയാൽത്തൊടി ഹഫ്സത്ത് വിളിച്ചു പറഞ്ഞതോടെ മുഹമ്മദ് ഷാമിലും പിതാവും സഹോദരനും സംഭവസ്ഥലത്തെത്തി. ഷാമിൽ കുളത്തിൽ ചാടി രണ്ടുപേരെ ഉടൻ കരയ്ക്കു കയറ്റി. കുളത്തിന്റെ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ മൂന്നാമത്തെയാളെ മൂന്നാമത്തെ ശ്രമത്തിൽ മാത്രമാണ് കരയ്ക്കു കയറ്റാൻ സാധിച്ചത്.
അവശയായ കുട്ടിയ്ക്ക് സിപിആർ നൽകിയാണ് ഷാമിൽ ജീവൻ രക്ഷിച്ചത്. പിടിഎം സ്കൂളിലെ തന്നെ ബയോളജി അധ്യാപകനായ അബ്ദുൾ മജീദ് നൽകിയ പരിശീലനമാണ് സിപിആർ നൽകാൻ ഷാമിലിനെ പ്രാപ്തനാക്കിയത്. വെള്ളില പുത്തൻവീട് ചാളക്കത്തൊടി അഷ്റഫിന്റെയും ഷാഹിദയുടെയും രണ്ടാമത്തെ മകനാണ് ഷാമിൽ.
കളക്ടറുടെ അനുമോദന ചടങ്ങിൽ എഡിഎം എൻ.എം. മെഹറലി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, സ്കുളിലെ അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ലോക മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിക്കുന്ന ജൂലൈ 25 നാണ് ഷാമിൽ ആദരമേറ്റു വാങ്ങിയത്.