വേഗ റാണിയായി പെരിന്തൽമണ്ണയിലെ ആർദ്ര
1578459
Thursday, July 24, 2025 5:31 AM IST
പെരിന്തൽമണ്ണ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സീനിയർ വനിതാ അത്ലെറ്റിക് ചാന്പ്യൻഷിപ്പിൽ പെരിന്തൽമണ്ണ പാതായിക്കര സ്വദേശി കെ. ആർദ്ര 100 മീറ്റർ ഓട്ടത്തിൽ 11.87 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വേഗറാണിയായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള മികച്ച മത്സരാർഥികളെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.ആർദ്ര ഇതിനുമുന്പ് ജൂണിയർ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ സ്വർണപതക്കവും കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. ഈ വർഷം സീനിയറിൽ തന്നെ സ്വർണം സ്വന്തമാക്കിയതോടെ തുടർച്ചയായ നേട്ടം കൈവരിച്ചു.
മുൻകാലത്ത് തിരുവനന്തപുരം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ പരിശീലനം ലഭിച്ചിരുന്നു. ഇപ്പോൾ തൃശൂർ വിമല കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
ജിംസണ് ജാക്സണ് ആണ് പരിശീലകൻ. പിതാവ് ഭാസ്കരൻ കൊട്ടേക്കോട്ട്. മാതാവ് ബീന. സഹോദരിമാരായ ആദിത്യയും അഭിനയും ആരോഗ്യമേഖല തെരഞ്ഞെടുത്തപ്പോൾ ആർദ്ര കായികമേഖലയിൽ മുന്നേറ്റം തുടരുകയാണ്.