തകരാറിലായ വൈദ്യുത വേലികൾ പ്രവർത്തനക്ഷമമാക്കാൻ വനം വകുപ്പ്
1578456
Thursday, July 24, 2025 5:31 AM IST
നിലന്പൂർ: വന്യമ്യഗശല്യത്തിന് പരിഹാരം കാണാൻ നടപടിയുമായി വനം വകുപ്പ്. നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന മുഴുവൻ സോളാർ വൈദ്യുത വേലികളും പ്രവർത്തന സജ്ജമാക്കാനാണ് നടപടി.
വനംവകുപ്പിന്റെ ചെലവിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച് പ്രവർത്തനരഹിതമായി കിടക്കുന്ന ബാറ്ററികൾ, എനർജൈസറുകൾ എന്നിവ നന്നാക്കും. ബാറ്ററികളും എനർജൈസറുകളും നിലന്പൂർ റിസർവ് ഫോഴ്സ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ശേഖരിച്ച ശേഷം റിസർവ് ഫോഴ്സിലെ ടി.എസ്. അമൃത്രാജ് മാനന്തവാടിയിലെ ആർആർടി ഓഫീസിലെത്തിച്ച് ഫെൻസിംഗ് വിഭാഗത്തിന് കൈമാറി.
15 ദിവസത്തിനകം അറ്റകുറ്റപണി നടത്തി ബാറ്ററികളും എനർജൈസറുകളും നിലന്പൂരിൽ എത്തിക്കും. 40 ലധികം ബാറ്ററികളും ഇത്ര തന്നെ എനർജൈസറുകളുമാണ് പ്രവർത്തന യോഗ്യമാക്കുക.
വനംവകുപ്പിന്റെ ചെലവിൽ സ്ഥാപിക്കുന്ന സോളാർ വൈദ്യുതവേലികളിൽ ഭൂരിഭാഗവും അറ്റകുറ്റപണികൾ നടത്താത്തതിനാലും പ്രദേശവാസികളുടെ ശ്രദ്ധകുറവ് മൂലവും പ്രവർത്തന രഹിതമാകുകയാണ് പതിവ്. ബാറ്ററികളും എനർജൈസറുകളും യഥാസമയത്ത് അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ തകരാർ സംഭവിക്കും.
ഇതുമൂലം സോളാർ വൈദ്യുതവേലികൾ കാലക്രമേണ നശിക്കുന്നു. ഇപ്പോൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള വൈദ്യുതവേലികൾ മുഴുവൻ പ്രവർത്തന യോഗ്യമാക്കി വന്യമ്യഗശല്യം തടയാനാണ് നിലന്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയിരിക്കുന്നത്. നിലന്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
വന്യമൃഗങ്ങളെ തടയണമെങ്കിൽ വനാതിർത്തികളിലെ സോളാർ വൈദ്യുത വേലികൾ പ്രവർത്തിപ്പിക്കേതുണ്ട്. ഭൂരിഭാഗം വേലികളും കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചു കഴിഞ്ഞു.
ഇതിന് പരിഹാരമായാണ് നിലന്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒയുടെ നടപടി. ഏറെ കാലമായി ജനങ്ങൾ വനം വകുപ്പിന്റെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ച് വരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഡിഎഫ്ഒയാണ് നടപടി സ്വീകരിച്ചത്.
ഇതോടെ നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിൽ ഒരു പരിധി വരെ വന്യമൃഗശല്യത്തിന് പരിഹാരമാകുമെന്ന് വനം വകുപ്പ് പ്രതീക്ഷിക്കുന്നു.