ഓരാടംപാലം -മാനത്തുമംഗലം ബൈപാസ്: ഉന്നതതല യോഗം വിളിക്കണമെന്ന് എംഎൽഎ
1578950
Saturday, July 26, 2025 6:06 AM IST
അങ്ങാടിപ്പുറം :അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കണമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യം മന്ത്രിയോട് എംഎൽഎ നേരിൽ കണ്ട് ധരിപ്പിക്കുകയും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ ഉടനെ യോഗം വിളിച്ച് ചേർക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു. ബൈപാസുമായി ബന്ധപ്പെട്ട് നിരവധി തവണ എംഎൽഎ നിയമസഭയിലും മന്ത്രിയുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിരുന്നു.
മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കും കത്ത് നൽകിയിട്ടുണ്ട്. ബൈപ്പാസ് യാഥാർഥ്യമാക്കാൻ നടപടികൾ ശക്തമാക്കുമെന്നും ഫണ്ട് ലഭ്യമാകുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.