വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ എംഎൽഎയ്ക്കു മുന്നിൽ
1578209
Wednesday, July 23, 2025 5:35 AM IST
വണ്ടൂർ: പ്രിയങ്കഗാന്ധി എംപിയെ വിദ്യാലയത്തിൽ കൊണ്ടുവരുന്നതടക്കമുള്ള മൂന്നോളം കാര്യങ്ങൾ ആവശ്യപ്പെട്ട് കുട്ടികൾ എ.പി. അനിൽകുമാർ എംഎൽഎയ്ക്കു മുന്നിൽ.
വണ്ടൂർ യത്തീംഖാനയിൽ നടന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണ യോഗ ചടങ്ങിയായിരുന്നു കുട്ടികൾ ആവശ്യങ്ങളുമായി എംഎൽഎക്ക് മുന്നിലെത്തിയത്. എംഎൽഎയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു കുട്ടികൾ ആവശ്യങ്ങളുമായെത്തിയത്.
വിദ്യാലയത്തിലേക്കുള്ള റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള സഞ്ചാരം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇത് നന്നാക്കണം. കന്പ്യൂട്ടർ ലാബ്, വിദ്യാലയത്തിന് ഗേറ്റ് തുടങ്ങിയവയായിരുന്നു കുട്ടികളുടെ മറ്റു ആവശ്യങ്ങൾ.
ആവശ്യങ്ങളിൽ ഒന്ന് പരിഗണിക്കാം എന്നായിരുന്നു എംഎൽഎയുടെ മറുപടി. തങ്ങളുടെ ഏത് ആവശ്യമാണ് എംഎൽഎ നിറവേറ്റുക എന്ന ആകാംക്ഷയിലാണ് കുട്ടികളും അധ്യാപകരും.