എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ അജ്ഞാതജീവി നായയെ കടിച്ചുകൊന്നു
1578215
Wednesday, July 23, 2025 5:35 AM IST
നിലന്പൂർ: എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ കെട്ടിയിട്ട വളർത്തുനായയെ അജ്ഞാതജീവി കടിച്ചുകൊന്നു ഭക്ഷിച്ചു. കിഴക്ക ചാത്തല്ലൂർ വിളയിൽപുത്തൻ വീട്ടിൽ ജലജയുടെ വളർത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്.
ഇന്നലെ പുലർച്ചെയാണ് വീട്ടുകാർ നായയുടെ ജഢം കണ്ടത്. രാത്രി 12 മണിയോടെ നായയുടെ നിലവിളി കേട്ടെങ്കിലും മഴയുള്ള ദിവസങ്ങളിൽ നായ കരയാറുള്ളതിനാൽ ശ്രദ്ധിച്ചില്ല. പുലർച്ചെ നോക്കുന്പോഴാണ് കാല് മുതൽ കൈ വരെയുള്ള ഭാഗം കടിച്ച് തിന്ന നിലയിൽ നായയുടെ ജഢം കണ്ടത്.
കഴിഞ്ഞ വർഷവും ഈ ഭാഗത്തു നിന്ന് നായ്ക്കളെ അജ്ഞാതജീവി കടിച്ചു കൊണ്ടുപോയിരുന്നു. ഈ മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായി ജലജയുടെ സഹോദരൻ മധു പറഞ്ഞു.
കെട്ടിയിട്ട നായയെ കടിച്ച് കൊല്ലുന്നത് ആദ്യമാണ്. കൊടുന്പുഴ വനം സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ സുനിൽ കുമാറിന്റെ നിർദേശ പ്രകാരം വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിമഴ പെയ്തതിനാൽ അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തായില്ല.
അതിനാൽ പുലിയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ജനങ്ങളോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വീടിന്റെ പുറത്തുള്ള ലൈറ്റുകൾ രാത്രിയിലും ഇടാനും നിർദേശം നൽകി.
വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായാൽ നീരീക്ഷണകാമറ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽകുമാർ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അമൽ വിജയൻ, വിജേഷ് കുമാർ, ആകാശ് ചന്ദ്രൻ, വനം. വാച്ചർ അബ്ബാസ്, ഡ്രൈവർ സൗബിൻ എന്നിവർ തെരച്ചിലിന് ലീഗ് നേതൃത്വം നൽകി. മധുവിന്റെ വീടും വനമേഖലയുമായി 500 മീറ്ററോളം ദൂരുമുണ്ട്. എന്നാൽ ഇതിനിടയിലുളള റബർ തോട്ടങ്ങളും കാടുപിടിച്ച് കിടക്കുന്നതും വന്യജീവികൾക്ക് ജനവാസ മേഖലയിലേക്ക് എത്താൻ സഹായകമാകും.