വന്യമൃഗങ്ങളുടെ താവളം : പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേർന്ന കൃഷിഭൂമി നിക്ഷിപ്ത വനവത്ക്കരണത്തിൽ വിനയായി
1578939
Saturday, July 26, 2025 6:02 AM IST
കാളികാവ് : നിക്ഷിപ്ത വനവത്ക്കരണത്തിന്റെ ഭാഗമായി പുല്ലങ്കോട് എസ്റ്റേറ്റിലെ 1600 ഓളം ഏക്കർ കൃഷിഭൂമി വന ഭൂമിയാക്കിയത് മേഖലക്ക് ദുരന്തമായെന്ന് നാട്ടുകാർ. കടുവ, പുലി, കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഈ വനമേഖലയാണ് ഇപ്പോൾ താവളമാക്കിയിരിക്കുന്നത്. ആസ്പിൻവാൾ കന്പനിയുടെ ഭാഗമായിരുന്ന പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേർന്ന ചേനപ്പാടി മലവാരത്തിലെയും പുല്ലങ്കോട് മലവാരത്തിലെയും 1600 ഏക്കറോളം ഭൂമിയാണ് 1974 ൽ കേന്ദ്ര സർക്കാർ പിടിച്ചെടുത്ത് വനഭൂമിയാക്കിയത്.
പുല്ലങ്കോട് എസ്റ്റേറ്റ് അധികൃതർ കര നെൽകൃഷി ഉൾപ്പെടെ നടത്തിയിരുന്ന ഭാഗമായിരുന്നു ഇപ്പോഴത്തെ വന്യമൃഗങ്ങളുടെ താവളം.ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന റബർ പ്ലാന്റേഷനായിരുന്നു പുല്ലങ്കോട് എസ്റ്റേറ്റ്.
1600 ഏക്കറോളം ഭൂമി വനമായി മാറിയതോടെ നിരവധി തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. എസ്റ്റേറ്റ് മാനേജ്മെന്റ് കാട് വെട്ടിത്തെളിയിച്ച് താണിയൻ നെല്ല് എന്ന പേരിലറിയപ്പെടുന്ന കരനെൽ കൃഷി ചെയ്ത് പോന്നിരുന്ന ഭൂമിയായിരുന്നു ഇതിലധികവും. നിരവധി പരന്പരാഗത തൊഴിലാളികൾ ഈറ്റയും മുളയുമെല്ലാം വെട്ടിയിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. വിറക് ശേഖരിക്കാനും നിരവധി ആളുകൾ ഈ മേഖലയെ ആശ്രയിച്ചിരുന്നു.
നിക്ഷിപ്ത വനഭൂമി ആയി മാറിയപ്പോഴും വിറക് ശേഖരണവും ഈറ്റയും മുളയും വെട്ടിയിരുന്നതും ആദിവാസികൾ തേനുൾപ്പെടെ വന വിഭവങ്ങൾ ശേഖരിച്ചിരുന്നതും ഈ പ്രദേശങ്ങളിൽ നിന്നായിരുന്നു. നിരവധി കാട്ടരുവികളും ചോലകളുമെല്ലാം ഇവിടെ ഉണ്ട്. ഇടതൂർന്ന കുറ്റിക്കാടുകളും വൻ മരങ്ങളുമെല്ലാം വളർന്ന് വനമായി മാറിയിട്ടുണ്ട് ഇവിടം.
ഈറ്റ വെട്ട് തൊഴിലാളികൾക്ക് അനുമതി നൽകാത്തതിനാൽ മുളങ്കാടുകളും ഈറ്റയുമെല്ലാം നശിച്ച് കൊണ്ടിരിക്കുന്നു. നിരവധി മനുഷ്യരുടെ പട്ടിണിയും ദുരിതവും മാറ്റിയിരുന്ന പശ്ചിമഘട്ട മലനിരകളോട് ചേർന്ന ഈ പഴയ കാർഷിക മേഖല റിസർവ് ഫോറസ്റ്റായി മാറിയതോടെ വന്യമൃഗങ്ങളുടെ താവളമായി.
രണ്ടു മാസം മുന്പ് കടുവ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയത് ഈ പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ്. മേയാൻ വിട്ട പശുവിനെ ആക്രമിച്ചതും ഇവിടെയാണ്. ഈ മേഖലയോട് ചേർന്ന എസ്റ്റേറ്റിലെ ബ്ലോക്കുകളിൽ ടാപ്പിംഗ് നടത്തുന്ന തൊഴിലാളികളും നാട്ടുകാരും ഏറെ ഭീതിയിലാണ്.