കാട്ടുപന്നികളെ കൊല്ലാം; വനംവകുപ്പ് സഹായിക്കും
1578946
Saturday, July 26, 2025 6:02 AM IST
നിലന്പൂർ: കാട്ടുപന്നികൾ കാരണം പൊറുതിമുട്ടിയ കർഷകർക്ക് കാട്ടുപന്നികളെ കൊല്ലാൻ ഗ്രാമപഞ്ചായത്തുകളെ സമീപിക്കാം. നിയമം വന്നിട്ട് ഏറെ നാളായെങ്കിലും പദ്ധതി നടപ്പാക്കാൻ പല പഞ്ചായത്തുകളും മുന്നോട്ട് വന്നിട്ടില്ല.
ചില പഞ്ചായത്തുകൾ പദ്ധതിയെ കുറിച്ചാലോചിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. മറ്റു ചില പഞ്ചായത്തുകളാകട്ടെ നൂറിനടുത്ത് കാട്ടുപന്നികളെ കൊന്നൊടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വനംവകുപ്പ് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതനുസരിച്ച് പ്രവർത്തിക്കുന്ന പഞ്ചായത്തുകൾക്ക് കർഷകരെ സഹായിക്കാൻ വനം വകുപ്പിന്റെ സഹായത്തോടെ കഴിയുമെന്നാണ് വനംവകുപ്പ് പറയുന്നത്.
കാട്ടുപന്നികളിൽ നിന്നുള്ള ശല്യം മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്കും മറ്റും നഷ്ടപരിഹാരം നൽകുന്നതിന് ദുരന്ത നിവാരണ അഥോറിറ്റിക്കാണ് 2024 മുതൽ ചുമതല. അതിനാൽ കാട്ടുപന്നികളെ വെടിവയ്ക്കുന്ന ഷൂട്ടർമാർക്കും സംസ്കരിക്കുന്നവർക്കുമുള്ള തുക ദുരന്ത നിവാരണ അഥോറിറ്റിയാണ് നൽകുന്നത്.
ആവശ്യത്തിന് ഫണ്ടുള്ളതിനാൽ തുക ലഭിക്കുമോ എന്ന ആശങ്കയില്ല. കൃത്യമായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ സർക്കാരിൽ നിന്ന് ആവശ്യത്തിനുള്ള സഹായം ലഭിക്കും. ഒരു കാട്ടുപന്നിയെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപയും സംസ്കരിക്കുന്നയാൾക്ക് 2000 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഇതിനാവശ്യമായ ഷൂട്ടർമാരുടെ പാനൽ വനം വകുപ്പ് തന്നെ തയാറാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ 52 അംഗീകൃത ഷൂട്ടർമാരാണുള്ളത്. വെടിവച്ച് കഴിഞ്ഞാൽ വനം വകുപ്പിനെ അറിയിച്ച് സംസ്കാര നടപടികൾ പൂർത്തിയാക്കാം. എത്ര എണ്ണത്തിനെ വെടിവച്ചു കൊന്നുവെന്ന വിവരം വനം വകുപ്പിന് ലഭ്യമാക്കണം.
അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പഞ്ചായത്തുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനുമുള്ള സഹായം വനം വകുപ്പ് നൽകുമെന്ന് നിലന്പൂർ നോർത്ത് ഡിവിഷൻ എസിഎഫ് അനീഷ സിദീഖ് പറഞ്ഞു. കുരങ്ങ് തുടങ്ങിയ മറ്റു ജീവികളിൽ നിന്നുള്ള ശല്യം കാരണം ഉണ്ടാകുന്ന വിളനാശത്തിനും മറ്റുമുള്ള സഹായങ്ങളും ബന്ധപ്പെട്ട വനം റേഞ്ചുകളിൽ അപേക്ഷ നൽകി കർഷകർക്ക് വാങ്ങാവുന്നതാണ്.