ബസ് സ്റ്റാൻഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന്
1578460
Thursday, July 24, 2025 5:31 AM IST
മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ മറ്റു വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവർക്ക് പരാതി നൽകി.
ബസ് സ്റ്റാൻഡുകളിൽ സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റ് ഇരുചക്രവാഹനങ്ങളും സ്ഥിരമായി പാർക്ക് ചെയ്യുന്നു. ജോലിക്ക് പോകുന്നവരും ദൂരയാത്ര നടത്തുന്നവരും ഭൂരിഭാഗവും തങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നത് ബസ് സ്റ്റാൻഡുകളിലാണ്.
ഇതുകാരണം സ്റ്റാൻഡിൽ എത്തുന്ന ബസുകൾക്കും യാത്രക്കാർക്കും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ഗതാഗത തടസത്തിനും വാഹനാപകടങ്ങൾക്കും ഇത് കാരണമാകുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ ഓഡിറ്റോറിയങ്ങൾക്ക് മുന്നിലെ നിയമംലഘിച്ചുള്ള വാഹന പാർക്കിംഗുകൾ മെയിൻ റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ, ജനറൽ സെക്രട്ടറി എം.സി. കുത്തിപ്പ, കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, വാക്കിയത്ത് കോയ, ശിവാകരൻ വി.പി. ദിനേശ് കുമാർ, കെ.എം.എച്ച്. അലി, സുമിത്രൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.