കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടി കര്‍ഷകര്‍
1578715
Friday, July 25, 2025 5:53 AM IST
മഞ്ചേരി : ആമയൂരിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം മൂലം കര്‍ഷകര്‍ ദുരിതത്തില്‍. ബുധനാഴ്ച രാത്രി കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ നൂറ്റമ്പതോളം കമുകിന് തൈകള്‍ കുത്തി മറിച്ചിട്ടു.
ആമയൂര്‍ മാടശേരി മൊയ്തീന് മാസ്റ്ററുടെ ആലുങ്ങപ്പറമ്പിലുള്ള തോട്ടത്തിലാണ് പന്നികള്‍ വിളയാടിയത്. മൂന്നു വര്‍ഷം പ്രായമായ തൈകളാണ് നശിപ്പിച്ചത്. തെങ്ങ്, കമുക്, റബ്ബര്‍, ചേമ്പ്, ചേന വാഴ, മരച്ചീനി എന്നീ കൃഷികള്‍ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. നേരത്തെ ചേമ്പ്, വാഴ, മരച്ചീനി, ചേന, ഉള്‍പ്പെടെയുള്ള ചെറുകൃഷിയായിരുന്നു പന്നിക്കൂട്ടം ലക്ഷ്യം വച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍ തൈകള്‍ തുടങ്ങിയ വലിയ മരങ്ങള്‍ക്ക് നേരേയാണ് ആക്രമണം.
പന്നികള്‍ കൃഷിയിടത്തില്‍ കയറാതിരിക്കാന്‍ പ്ലാസ്റ്റിക് വല സ്ഥാപിച്ചു നോക്കിയിട്ടും ഫലം കണ്ടില്ല. സംരക്ഷണ വല തകര്‍ത്താണ് രാത്രിയില്‍ കൂട്ടമായെത്തുന്ന പന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. പ്രധാനമായും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ആമയൂര്‍ മേഖലയിലെ കര്‍ഷകര്‍ വന്യമൃഗ ശല്യം മൂലം പ്രയാസത്തിലാണ്.
വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നതു മൂലം കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് കര്‍ഷകരില്‍ കൂടുതലും. പന്നി ശല്യം വ്യാപകമായതോടെ പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരും കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാട്ടില്‍ കറങ്ങി നടന്ന് കൃഷിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ വെടിവച്ച് കൊല്ലുന്നതിന് വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.