കണ്മുന്നിൽ വളർത്തുനായയെ പുലി പിടികൂടി; ഭീതിയോടെ വട്ടമലയിലെ ആദിവാസികൾ
1578212
Wednesday, July 23, 2025 5:35 AM IST
കരുവാരകുണ്ട്: വളർത്തുനായയെ രാത്രി പുലി പിടികൂടി കൊന്നുതിന്നു. പുൽവെട്ട കരിങ്കന്തോണി വട്ടമല ആദിവാസി നഗറിലെ താമസക്കാരുടെ കണ്മുന്നിൽ വച്ചാണ് നായയെ പുലി വകവരുത്തിയത്.
ആദിവാസികൾ ഉറങ്ങിക്കിടക്കുന്നിടത്ത് കിടക്കുകയായിരുന്ന വളർത്തുനായയെ അവർക്കിടയിൽ നിന്ന് പുലി കടിച്ചുകൊണ്ടുപോയി തിന്നുകയായിരുന്നു. രാത്രി പുലിയെത്തി നായയെ കടിച്ചു കൊണ്ടുപോകുന്നത് ആദിവാസികൾ നേരിൽ കണ്ടു.
പുലി തങ്ങളുടെ താമസസ്ഥലത്തെ വളർത്തുനായയെ തങ്ങൾക്കിടയിൽ നിന്ന് കടിച്ചുകൊണ്ടുപോയത് നേരിൽ കണ്ടതിന്റെ ഭീതിയിലാണ് പ്രദേശത്തെ ആദിവാസികൾ. വട്ടമല ഭാഗത്ത് പലപ്പോഴായി കടുവയെയും പുലിയെയും നാട്ടുകാർ കണ്ടിട്ടുണ്ടെങ്കിലും ആദിവാസികൾ താമസിക്കുന്നിടത്തെത്തി വളർത്തുനായയെ കടിച്ചുകൊണ്ടുപോകുന്നത് ആദ്യമായിട്ടാണ്.
ആദിവാസികൾക്ക് വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടായിരിക്കുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്. മുന്പ് കാട്ടാനകൾ ആദിവാസികൾ താമസിക്കുന്നയിടത്തെത്തി നാശം വിതച്ചിരുന്നു.
വേണ്ടത്ര സുരക്ഷ പോലുമില്ലാത്ത വീടുകളിലാണ് ആദിവാസികൾ കഴിയുന്നത്. ആദിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ഇപ്പോൾ താമസിക്കുന്നയിടത്ത് വന്യമൃഗങ്ങൾ എത്തിപ്പെടാതിരിക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.