പുലി ഭീതി വിട്ടൊഴിയാതെ കാരക്കുന്ന്; പുലി മിന്നിമറഞ്ഞത് പലതവണ
1578216
Wednesday, July 23, 2025 5:35 AM IST
മഞ്ചേരി : തൃക്കലങ്ങോട് പഞ്ചായത്തിലെ കാരക്കുന്നും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ തുടരുന്നു. നിരവധി പേർ ഇതിനകം പുലിയെ കണ്ടതായി അവകാശപ്പെടുന്നു.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പുലിയെ കണ്ടതായി പറയുന്നു. തിങ്കളാഴ്ച രാത്രി ബൈക്ക് യാത്രികനും പുലിയെ കണ്ടതായി പറഞ്ഞു. രാത്രി പത്തരമണിയോടെയാണ് പള്ളിപ്പടി അയ്യങ്കോട് സ്വദേശി പൊന്നാങ്കടവൻ ജിഷാദ് പുലിയെ കണ്ടത്.
വണ്ടൂരിൽ നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ മഞ്ഞപ്പറ്റ വഴി വീട്ടിലേക്ക് വരികയായിരുന്നു ജിഷാദ്. മരമില്ല് കഴിഞ്ഞുള്ള ഇറക്കത്തിൽ റോഡിന് കുറുകെ ചാടിയ പുലി അവശനായി കാണപ്പെട്ടുവെന്നും സാമാന്യം വലിപ്പമുണ്ടെന്നും ജിഷാദ് പറഞ്ഞു.
മുന്പും ഈ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. എന്നാൽ കണ്ടത് പുലിയാണെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രദേശത്ത് പലയിടങ്ങളിലും സിസിടിവികൾ പ്രവർത്തിക്കുന്നുവെങ്കിലും ഇതിലൊന്നും ഇതുവരെ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. പുലി ഭക്ഷിച്ച മറ്റു ജീവികളുടെ അവശിഷ്ടങ്ങളും കണ്ടെത്താനായിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളും മറ്റും പരിശോധിച്ചു.
വ്യക്തമായ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ല. എങ്കിലും ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ പരിസരങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കണമെന്നും നായ, പന്നി തുടങ്ങിയ മൃഗങ്ങളെയോ മറ്റോ ഭക്ഷിച്ചുള്ള അവശിഷ്ടങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചായത്തിലെ തന്നെ മരത്താണിയിലും കഴിഞ്ഞ മാസം പല തവണ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. പുലിയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട നാട്ടുകാർ മരത്താണി ഭാഗങ്ങളിൽ രാത്രി കാലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
തെരുവുവിളക്കുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞയാഴ്ച പൊതു പ്രവർത്തകനായ സലീം മേച്ചേരിയുടെ നേതൃത്വത്തിൽ ജനകീയ സമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.