കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും അനുമോദിച്ചു
1578944
Saturday, July 26, 2025 6:02 AM IST
പെരിന്തൽമണ്ണ : ജൂലൈ 18ന് ഗൂഢല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസിലെ ഇരുന്പിളിയം സ്വദേശിയായ യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടനടി അദ്ദേഹത്തെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷാ പ്രവർത്തനം നടത്തിയ ബസ് കണ്ടക്ടർ ആർ. കാളിദാസ്, ഡ്രൈവർ കെ. സുനിൽകുമാർ എന്നിവരെ മൗലാന ആശുപത്രി അധികൃതർ അനുമോദിച്ചു.
ബന്ധുക്കൾ എത്തുന്നതുവരെ രോഗിക്ക് തുണയായി ബസ് ജീവനക്കർ കൂടെ നിന്ന് ആശ്വസിപ്പിച്ചത് മാതൃകാപരമായി. ബസ് സ്റ്റാൻഡ് പരിസരത്ത് മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ചീഫ് ഓപറേഷൻസ് ഓഫീസർ രാംദാസ്, കെഎസ്ആർടിസി എടിഒ ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് പെരിന്തൽമണ്ണ ഡിപ്പോയിലെ ജീവനക്കാർക്കും യാത്രക്കാർക്കുമായി ജീവൻരക്ഷാ ബോധവത്കരണ ക്ലാസും പരിശീലനവും മൗലാന ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോ. അഷ്ഹറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.