ലോറി കുളത്തിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു
1578219
Wednesday, July 23, 2025 5:41 AM IST
ചങ്ങരംകുളം: ക്വാറി വേസ്റ്റുമായി എത്തിയ ലോറി റോഡ് ഇടിഞ്ഞതിനെത്തുടർന്ന് സ്വകാര്യവ്യക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ വളയംകുളം മാങ്കുളത്താണ് അപകടം. സമീപത്തെ വീട്ടിലേക്ക് വീട് പണിക്കാവശ്യമായ ക്വാറി വേസ്റ്റുമായി എത്തിയ ടിപ്പർ ലോറിയാണ് റോഡരികിലുള്ള ആഴമേറിയ കുളത്തിലേക്ക് വീണത്.
കുളത്തിന്റെ സൈഡ് ഭിത്തിയും റോഡരികും ഇടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കുളത്തിലേക്ക് മറിയുകയായിരുന്നു. പൂർണമായും മുങ്ങി താഴ്ന്ന ലോറിയിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡ്രൈവർ തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പിന്നീട് ക്രെയിനും ജെസിബിയും എത്തിച്ചാണ് ലോറി പുറത്തെടുത്തത്.