ലാൻഡ് ബാങ്ക് പദ്ധതി: ഭൂവുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
1578949
Saturday, July 26, 2025 6:06 AM IST
എടക്കര: പോത്ത്കല്ല് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാരങ്ങാപൊയിൽ ഉന്നതിയിലെയും തണ്ടൻകല്ല് ഉന്നതിയിലെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലാൻഡ് ബാങ്ക് പദ്ധതിയിൽ ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് പോത്തുകല്ല് ഗ്രാമപഞ്ചായത്തിൽ ഭൂമി വിൽക്കുന്നതിന് തയാറുള്ള ഭൂവുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഭൂമിയുടെ ഉടമസ്ഥർ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി സൗകര്യം തുടങ്ങിയവ ഉള്ളതും നെൽവയൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും മറ്റ് യാതൊരുവിധ നിയമക്കുരുക്കുകളിലും ബാധ്യതകളില്ലാത്ത വാസയോഗ്യമായ ഉത്തമഭൂമി) വിൽക്കുന്നതിന് തയാറാണെന്ന സമ്മതപത്രം ഉൾപ്പെടുത്തി ആദിവാസി പുനരധിവാസ മിഷൻ (ടിആർഡിഎം) ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം.
കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമിയുടെ ഉടമസ്ഥർക്ക് വിൽപ്പനക്കായി അപേക്ഷിക്കാം. സ്ഥല ഉടമകൾ സമർപ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് അടിയാധാരം, ഭൂമിയുടെ സ്കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോണ് അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവണ്മെന്റ് പ്ലീഡറിൽ നിന്നുള്ള ലീഗൽ സ്ക്രൂട്ടിനി സർട്ടിഫിക്കറ്റ്, സെന്റ് ഒന്നിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വിൽപ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉൾപ്പെട്ടിരിക്കണം.
ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാ കളക്ടർക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. ഭൂമി വിൽക്കുന്നതിന് താത്പര്യമുള്ള ഭൂവുടമകൾക്ക് കൂടുതൽ വിവരങ്ങൾ ജില്ലാ കളക്ടർ, ജില്ലാ പട്ടികവർഗ വികസന പ്രൊജക്ട് ഓഫീസർ എക്റ്റൻഷൻ ഓഫീസർ എന്നിവരുടെ കാര്യാലയങ്ങളിൽ നിന്നും ലഭിക്കും.