കാണികൾ നൽകിയ തുക വൃക്ക രോഗിക്ക് നൽകി സംഘാടകർ മാതൃകയായി
1578466
Thursday, July 24, 2025 5:34 AM IST
അരക്കുപറന്പ്: അരക്കുപറന്പ് മാട്രയിലെ ചൂരക്കാട്ടിൽ പോത്ത്പൂട്ട് കണ്ടം കമ്മിറ്റി സംഘടിപ്പിച്ച പോത്തുപൂട്ട് മത്സരം കാണാനെത്തിയ കാണികളിൽ നിന്ന് ലഭിച്ച അന്പതിനായിരത്തോളം രൂപ പ്രദേശത്തെ വൃക്കരോഗിക്ക് നൽകി സംഘാടകർ മാതൃകയായി.
കാണികൾ ചികിത്സാ നിധിയിലേക്ക് നൽകിയ തുക സഹായ കമ്മിറ്റി ഭാരവാഹികളായ സൽമാനുൽ ഫാരിസ്, ഷമീം പട്ടണം, ഇർഷാദ് തന്പലക്കോടൻ എന്നിവർക്ക് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ കൈമാറി. ആവേശകരമായ പോത്തുപൂട്ട് മത്സരത്തിൽ 46 ജോടി കന്നുകളാണ് മാറ്റുരച്ചത്.
കട്ടേക്കാട്ട് പറന്പിൽ സൈതാലിക്കുട്ടി കൊപ്പം, പുളിക്കത്തടത്തിൽ സൈദ് കരിങ്കല്ലത്താണി, പുതുവള്ളി അലി കരേക്കാട്, അൽഅമീൻ മാരായമംഗലം, നെച്ചിക്കാടൻ ബ്രദേഴ്സ് തോട്ടപ്പായ എന്നിവരുടെ പോത്തുകളാണ് യഥാക്രമം ഒന്നു മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
വിജയികൾക്കുള്ള ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ വിതരണം ചെയ്തു.അസീസ്ഹാജി ചിരട്ടാമല, പച്ചീരി ഹുസൈൻ കരുവാത്ത് മജീദ് എന്നിവർ നേതൃത്വം നൽകി.