എടപ്പറ്റയിൽ കർഷക ക്ഷേമ പദ്ധതികൾക്കായി രജിസ്ട്രേഷൻ ക്യാന്പ്
1578948
Saturday, July 26, 2025 6:02 AM IST
മേലാറ്റൂർ: എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ കർഷകരെ കതിർ ആപ്പ്, അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ നടത്തുന്നതിനായി വാർഡ്തല ക്യാന്പുകൾ ആരംഭിച്ചു. സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ ലഭിക്കുന്നതിന് കതിർ ആപ്പ് രജിസ്ട്രേഷനും കേന്ദ്ര സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾക്കായി അഗ്രിസ്റ്റാക്ക് രജിസ്ട്രേഷനും നിർബന്ധമാണ്.
ഗ്രാമപഞ്ചായത്തിലെ എല്ലാ കർഷകരെയും രജിസ്ട്രേഷൻ നടത്തുന്നതിനാണ് വാർഡ്തല ക്യാന്പുകൾ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. 15 ദിവസം കൊണ്ട് മുഴുവൻ വാർഡുകളിലും ക്യാന്പുകൾ പൂർത്തീകരിക്കും.
രജിസ്ട്രേഷന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വെള്ളിയാഞ്ചേരി വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി. സഫിയ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ.ആതിര പദ്ധതി വിശദീകരിച്ചു.
വാർഡ് മെംബർ ഹസീന റാഫി, മുൻ മെംബർ റാഫി, കാപ്പിൽ യാക്കൂബ്, കൃഷി അസിസ്റ്റന്റ് പി. ജയ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എഴുപത്തിയഞ്ച് കർഷകർ ക്യാന്പിൽ രജിസ്ട്രേഷൻ നടത്തി.